കടൽക്കൊല കേസ് ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് ഒഴിവാക്കി
ഏറെക്കാലം വിവാദമായി തുടർന്ന കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികര്ക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീംകോടതി ഒഴിവാക്കി. ഇന്ത്യയിലെ വിചാരണ നടപടികൾ അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുക ഇരകൾക്ക് കൈമാറുന്നതിന്റെ ഉത്തരവാദിത്വം കേരള ഹൈക്കോടതിക്ക് നൽകി.
ഇത് പ്രകാരം സുപ്രീംകോടതിയിൽ കെട്ടിവെച്ച നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറും. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചിട്ടുള്ളത്.
കേസ് അന്തിമഘട്ടത്തിലെത്തുന്നത് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഒമ്പതു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതായി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നു.
ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മത്സബന്ധനത്തിൽ ഏർപ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈൻ, കുളച്ചൽ സ്വദേശി അജീഷ്പിങ്കി എന്നിവരെ എൻറിക്ക ലെക്സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ വെടിവച്ച് കൊന്നത് 2012 ഫെബ്രുവരി 15നാണ്.
വൻ ജനരോഷം ഉയർന്നപ്പോൾ പ്രതികളെ 19നു കേരള പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രതികളെ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്കു മാറ്റി. 2013ൽ പ്രതികൾക്ക് ഇറ്റലിക്കുപോകാൻ അനുമതി നൽകി. പ്രതികൾ ഇറ്റലിയിൽനിന്നു മടങ്ങിവന്നെങ്കിലും പിന്നീട് ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സർക്കാർ വന്നശേഷം രണ്ടാമനെയും വിട്ടുനൽകി. തുടർന്ന് വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സർക്കാർ അംഗീകരിക്കയായിരുന്നു.