CRIME

സ്ത്രീയുടെ മൃതദേഹം ചതഞ്ഞരഞ്ഞ സംഭവം അപകടം തന്നെയെന്ന് പൊലീസ്

കോയമ്പത്തൂര്‍ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ ചതഞ്ഞ് അരഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസ്. കാര്‍ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ ആറാം തീയതി പുലര്‍ച്ചെയാണ് അവിനാശി റോഡില്‍ ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പല വാഹനങ്ങള്‍ കയറിയിറങ്ങി എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ ഒരു എസ്.യു.വില്‍നിന്ന് സ്ത്രീയുടെ മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്നാണ് ആദ്യം പോലീസ് നിഗമനത്തിലെത്തിയത്. എന്നാല്‍ 12 കിലോമീറ്റര്‍ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംഭവം അപകടമരണമാണെന്ന് കണ്ടെത്തി.

ഫൈസല്‍ ഓടിച്ച കാര്‍ സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാറില്‍ കുരുങ്ങിയ സ്ത്രീയുമായി കാര്‍ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെ മൃതദേഹം റോഡിലേക്ക് വീണു. പിന്നീട് ഒരിടത്ത് കാർ നിര്‍ത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടര്‍ന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം വാര്‍ത്തയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

മരിച്ചത് ഒരു നാടോടി സ്ത്രീയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ കയറിയിറങ്ങി മുഖം ഉള്‍പ്പെടെ വികൃതമായതിനാല്‍ ഇവരെ തിരിച്ചറിയല്‍ ഏറെ ദുഷ്‌കരമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ്  തിരിച്ചറിഞ്ഞത്.  മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button