കരുവന്നൂർ ബാങ്ക് തട്ടിപ്പ്. നാല് സി പി എം നേതാക്കൾ അറസ്റ്റിൽ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് പ്രസിഡൻ്റ് ഉൾപ്പെടെ ഭരണസമതി അംഗങ്ങളായ നാല് പേർ അറസ്റ്റില്‍. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ ഉള്‍പ്പെടെ നാല് സി.പി.എം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
ബാങ്ക് പ്രസിഡൻ്റിന് പുറമെ ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതന്‍ വി.കെ. എന്നിവരാണ് അറസ്റ്റിലായത്. കേസിൽ 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസ് സിബിഐയാണ് അന്വേഷിക്കേണ്ടതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അക്ഷേപം ഉന്നയിച്ചിരുന്നു.