SPECIAL
മരണം മേയുന്ന മുസഫര്‍പുര്‍
ലിച്ചിപ്പഴങ്ങളുടെ സാമ്രാജ്യം എന്നറിയപ്പെടുന്ന ബിഹാറിലെ മുസഫർപുർ ഇപ്പോൾ അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം അഥവാ മസ്തിഷ്കജ്വരത്തിന്റെ പിടിയിലാണ്. ആറുമാസം മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ലിച്ചിയുടെ വിളവെടുപ്പുകാലത്താണ് രോഗബാധയെന്നതിനാൽ ലിച്ചിപ്പഴമാണ് മരണകാരണമെന്ന് ഒരുപക്ഷം വാദിക്കുമ്പോൾ, ആ വാദത്തിന് ഒരു ശാസ്ത്രീയതയുമില്ലെന്ന് മറുവാദമുയരുന്നു. സർക്കാരുകളുടെ അനാസ്ഥയും പോഷകാഹാരക്കുറവുമാണ് പ്രധാന വില്ലനെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾക്കിടയിൽ മുസഫർപുരിൽ കുട്ടികൾ മരിച്ചുവീഴുന്നു കുട്ടികളുടെ ശ്മശാനഭൂമിയായിമാറിയ മുസഫർപുരിലെ ദുരന്തഗ്രാമങ്ങളിൽനിന്ന് നേരിട്ടുള്ള റിപ്പോർട്ടുകൾ
![](https://calicutpost.com/wp-content/uploads/2019/06/image-20.jpg)
ചംകി ബുഖാര്‍
നാലുമക്കളില്‍ മൂത്തവന്‍ മരിച്ചിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. എന്നിട്ടും സുരേഷ് മാഞ്ചിയുടെ മുഖം നിര്‍വികാരമായിരുന്നു. ഏഴുവയസ്സുള്ള മകന്‍ രാജേഷിനെ ‘ചംകി ബുഖാര്‍’ കൊണ്ടുപോയി. പക്ഷേ, കരഞ്ഞ് തളര്‍ന്നിരുന്നാല്‍ ഭാര്യയും രാജേഷിനുതാഴെയുള്ള മൂന്നുകുട്ടികളും മുഴുപ്പട്ടിണിയാകും. താഴേക്കുള്ളത് അഞ്ചും മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍. തീര്‍ന്നില്ല, സുരേഷിന്റെ അച്ഛനമ്മമാരും വീട്ടിലുണ്ട്. ഏഴുപേരുടെ വിശപ്പ് ഒരുനേരമെങ്കിലും അകറ്റാന്‍ വയലില്‍ കളപറിക്കുന്നതിന് കിട്ടുന്ന അറുപതുരൂപ തികയണം.
മിനാപ്പുരില്‍നിന്ന് ശിവഹര്‍ ഗ്രാമത്തിലേക്ക് ഗണ്ഡക് നദിയും കടന്ന് നീങ്ങുമ്പോഴാണ് പടര്‍ന്നുകിടക്കുന്ന ലിച്ചി തോട്ടത്തിനരികിലെ വയലില്‍ കത്തിക്കാളുന്ന ഉച്ചവെയിലിനുകീഴില്‍ കുനിഞ്ഞിരുന്ന് കളപറിക്കുകയായിരുന്ന സുരേഷിനെ കണ്ടത്. വഴികാട്ടാന്‍ ഒപ്പമെത്തിയ യുവാവാണ് സുരേഷിനെക്കുറിച്ച് പറഞ്ഞത്. ആദ്യം കാണുമ്പോള്‍ നിര്‍വികാരനായിരുന്നെങ്കിലും മകനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ സുരേഷ് മാഞ്ചി വാവിട്ടുകരഞ്ഞു: ”എന്തുചെയ്യാം സാബ്, ദൈവം കൊണ്ടുപോയി. വീട്ടിലുള്ളവരെ പോറ്റണ്ടേ. അതിന് വീണ്ടും പണിക്കിറങ്ങി.” വിയര്‍പ്പും കണ്ണീരും കലര്‍ന്ന് കഴുത്തിലെ തുണിക്കഷ്ണം വീണ്ടും നനഞ്ഞു.
പകല്‍ മുഴുവന്‍ കളിച്ചുരസിച്ചുനടന്ന സുരേഷിന്റെ മകന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഛര്‍ദിക്കാന്‍ തുടങ്ങി. പെട്ടെന്ന് പനിയും കൈകാല്‍ വിറയലും. പനി കടുത്തുതുടങ്ങി. അടുത്തെങ്ങും ഒരു ഡോക്ടറോ ആശുപത്രിയോ പേരിനുപോലുമില്ല. കുട്ടിയെ എടുത്ത് അടുത്തുള്ള കൂട്ടുകാരന്റെ ബൈക്കിനുപിന്നില്‍ കയറി ഇരുപത് കിലോമീറ്റര്‍ ദൂരെയുള്ള മുസഫര്‍പുരിലേക്ക് പാഞ്ഞു. ആദ്യമെത്തിയത് മുസഫര്‍പുര്‍ നഗരത്തിലെ സ്വകാര്യാശുപത്രിയായ ?െകജ്രിവാള്‍ ?െമറ്റേണിറ്റി ഹോസ്പിറ്റലില്‍. പക്ഷേ, അവിടെ കാലുകുത്താന്‍ ഇടമില്ല. ഇതേ ലക്ഷണങ്ങളുമായി പല പ്രദേശങ്ങളില്‍നിന്നെത്തിയ കുഞ്ഞുങ്ങളുടെ കൂടാരമായിരിക്കുന്നു കേജ്രിവാള്‍ ആശുപത്രി. ഉടനെ തൊട്ടപ്പുറത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു. അവിടെ സ്ഥിതി അതിലും കടുപ്പം. വരാന്തമുതല്‍ രോഗികള്‍. ഏതെങ്കിലും ഒരു ഡോക്ടര്‍ക്ക് എത്തിനോക്കാന്‍പോലും ആവാത്തത്ര തിരക്ക്. ‘വേറെ എവിടെയെങ്കിലും കൊണ്ടുപോ’ എന്ന് ആക്രോശിക്കുന്ന ആശുപത്രി ജീവനക്കാര്‍ ആളുകളെ ആട്ടിയോടിക്കുന്നു. ഏതായാലും, സുരേഷും കൂട്ടുകാരനും വേവലാതിപ്പെടുന്നതിനിടയില്‍ മരണം വന്ന് രാജേഷിനെ കൊണ്ടുപോയി.
സുരേഷ് മാഞ്ചി മാത്രമല്ല, ബിഹാറിലെ 23 ജില്ലയിലുള്ള 222 ബ്ലോക്കുകളിലെ പാവപ്പെട്ട മനുഷ്യര്‍ കഴിഞ്ഞ ഒരു മാസമായി മരണത്തിനും ജീവിതത്തിനുമിടയിലാണ്. ഗ്രാമങ്ങള്‍തോറും മരണം കുട്ടികളെ തേടിയിറങ്ങുന്നു. പറയാന്‍ ഭാഷയോ അറിയിക്കാന്‍ സ്വാധീനമോ ഇടപെടാന്‍ അധികാരമോ ഇല്ലാത്തതിനാല്‍ നിശ്ശബ്ദം വിധിയേറ്റുവാങ്ങുന്ന ബിഹാര്‍ ഗ്രാമീണര്‍. അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (എ.ഇ.എസ്.) എന്ന് വൈദ്യശാസ്ത്രം വിളിക്കുകയും ചംകി ബുഖാര്‍ എന്ന് ഭോജ്പുരിയില്‍ നാട്ടുകാര്‍ പേരിടുകയുംചെയ്ത പ്രതിഭാസത്തിന്റെ പിടിയിലാണ് പട്ടിണി പതിയിരിക്കുന്ന ദളിത്, മഹാദളിത് വിഭാഗങ്ങളുടെ കുടിലുകള്‍.
‘പേരിന് ‘ ഒരു മെഡിക്കല്‍ കോളേജ്
ആശുപത്രിയാണോ അങ്ങാടിയാണോ എന്ന് സംശയിക്കും മുസഫര്‍പുരിലെ മെഡിക്കല്‍ കോളേജ് കാണുമ്പോള്‍. ആശുപത്രിയാണെന്നറിയിക്കാന്‍ പുറത്തെ നിറംമങ്ങിയ ബോര്‍ഡും അകത്തെ ഉപയോഗയോഗ്യമല്ലാത്ത കുറെ ഉപകരണങ്ങളും മരുന്നുമണവും ഒഴിച്ചാല്‍, ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന് (എസ്.കെ.എം.സി.എച്ച്.) മറ്റുലക്ഷണങ്ങളൊന്നുമില്ല.
മുസഫര്‍പുര്‍ ജില്ലയുടെ മാത്രമല്ല, സമീപങ്ങളിലെ ആറുജില്ലകളുടെയും ഏക ആശ്രയമാണ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്. ഇരുട്ടരിച്ച മുറികളും ഈര്‍പ്പമിറങ്ങുന്ന ചുവരുകളും അടച്ചുറപ്പില്ലാത്ത വാര്‍ഡുകളും തുരുമ്പിച്ച ഉപകരണങ്ങളും മരുന്നില്ലാത്ത മരുന്നുമുറിയും ഡോക്ടറില്ലാത്ത പരിശോധനാമുറികളും രോഗമില്ലാത്തവരെപ്പോലും രോഗികളാക്കി മടക്കിയയക്കും. അമ്പതുവര്‍ഷംമുമ്പുള്ള കേരളത്തിലെ ഗ്രാമീണ ആശുപത്രികളുമായിപ്പോലും താരതമ്യത്തിനര്‍ഹമല്ലാത്ത ഈ മെഡിക്കല്‍ കോളേജാണ് കഴിഞ്ഞ ഒന്നരമാസമായി ബിഹാറിലെ കുഞ്ഞുങ്ങളുടെ ചാവുനിലം.
1991-ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട രഘുനാഥ് പാണ്ഡെ എന്ന പഴയ കോണ്‍ഗ്രസ് എം.എല്‍.എ. തുടങ്ങിവെച്ച ചെറിയ ആശുപത്രിയാണ് പിന്നീട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയത്. എന്നാല്‍, ഉയര്‍ച്ച പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങിനിന്നു; സൗകര്യങ്ങള്‍ കടലാസിലും. ബിഹാറിന്റെ ആരോഗ്യരംഗത്തിന്റെ അപചയങ്ങളുടെ അപകടസൂചനയായി ഈ ആശുപത്രിസമുച്ചയം തുടരുന്നു.
ഈ വര്‍ഷവും പതിവുതെറ്റാതെ പൊട്ടിപ്പുറപ്പെട്ട മസ്തിഷ്‌കജ്വരത്തിന്റെ ആക്കം കൂട്ടിയത് ഈ ആതുരാലയത്തിന്റെ അനാസ്ഥയാണ്. അടിയന്തരചികിത്സാ സംവിധാനത്തിനുവേണ്ട പ്രാഥമിക ഉപകരണങ്ങള്‍പോലുമില്ലാത്ത ആശുപത്രിയില്‍ പണ്ടെന്നോ വാങ്ങിയ സ്‌കാനറുകളും വെന്റിലേറ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനമുള്ള ഡോക്ടര്‍മാരോ സാങ്കേതികവിദഗ്ധരോ ഇല്ല. അടിയന്തരചികിത്സാസൗകര്യങ്ങളെക്കുറിച്ച് കേട്ടറിവുപോലുമില്ല.
1990-കള്‍മുതല്‍ മുസഫര്‍പുരിനെയും പരിസരപ്രദേശങ്ങളെയും മേയ്, ജൂണ്‍ മാസങ്ങളില്‍ ബാധിക്കുന്ന മസ്തിഷ്‌കജ്വരത്തെക്കുറിച്ച് മുന്നനുഭവങ്ങളുണ്ടായിട്ടും തയ്യാറെടുപ്പുകള്‍ നടത്താത്ത അധികാരികളുടെ നിസ്സംഗതയാണ് , കുരുന്നുജീവനുകളുടെ കുരുതിയുടെ ഉത്തരവാദിയെന്ന് തിരിച്ചറിയാന്‍ ഈ ആശുപത്രിയില്‍ അരമണിക്കൂര്‍ ചെലവിട്ടാല്‍മതി. ആയിരത്തോളം കുട്ടികളെ അടിയന്തര ചികിത്സയ്‌ക്കെത്തിക്കുന്ന ആശുപത്രിയില്‍ കുട്ടികള്‍ക്കായി സംവിധാനങ്ങളുള്ള തീവ്രപരിചരണ വിഭാഗമില്ല. ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയപ്പോള്‍ സാധാരണ വാര്‍ഡുകള്‍ പൊടുന്നനെ കുട്ടികളുടെ തീവ്രപരിചരണവിഭാഗങ്ങളാക്കി
മാറ്റി ! പുതുതായി രണ്ട് എ.സി.യും പ്രവര്‍ത്തിക്കാത്ത ചില ഉപകരണങ്ങളും ഘടിപ്പിച്ചപ്പോള്‍ ജനറല്‍ വാര്‍ഡുകള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളായി! അതിനപ്പുറം സാധാരണവാര്‍ഡുകളും തീവ്രപരിചരണവിഭാഗവും തമ്മില്‍ വ്യത്യാസങ്ങളില്ല. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും കയറിനിറയാവുന്ന മൈതാനങ്ങള്‍തന്നെ.
മാറ്റി ! പുതുതായി രണ്ട് എ.സി.യും പ്രവര്‍ത്തിക്കാത്ത ചില ഉപകരണങ്ങളും ഘടിപ്പിച്ചപ്പോള്‍ ജനറല്‍ വാര്‍ഡുകള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളായി! അതിനപ്പുറം സാധാരണവാര്‍ഡുകളും തീവ്രപരിചരണവിഭാഗവും തമ്മില്‍ വ്യത്യാസങ്ങളില്ല. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും കയറിനിറയാവുന്ന മൈതാനങ്ങള്‍തന്നെ.
ഒരാഴ്ചയായി ശ്രീകൃഷ്ണ ആശുപത്രിയില്‍ കുട്ടികള്‍ക്കായി തട്ടിക്കൂട്ടിയെടുത്ത അഞ്ച് തീവ്രപരിചരണ വാര്‍ഡുണ്ട്. രണ്ടെണ്ണം താഴത്തെ നിലയില്‍. മൂന്നെണ്ണം മുകളിലത്തെ നിലകളില്‍. ഈ തീവ്രപരിചരണവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമോ മേല്‍നോട്ടമോ അസാധ്യം. ആശുപത്രിയുടെ പ്രധാന കവാടത്തിനരികില്‍, കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഓഫീസ് മുറി അനാഥം. അടുത്ത ദിവസങ്ങളിലൊന്നും ആ മുറിയില്‍ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണങ്ങളില്ല. വരാന്തമുതല്‍ രോഗികളും കൂട്ടിരിപ്പുകാരും ചികിത്സകാത്ത് കൈയേറിയിരിക്കുന്നു. അതിനിടയില്‍ മരണവും കരച്ചിലും. പരാതിപറയുന്നവരെ പോലീസും ആശുപത്രി കാവല്‍ക്കാരും ചേര്‍ന്ന് അടിച്ചോടിക്കും
”എത്ര വിക്കറ്റുപോയി ?”
ജൂണ്‍ 16. മുസഫര്‍പുരിലെ അപൂര്‍വ രോഗബാധയെക്കുറിച്ചും അതിന്റെ നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ പട്നയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ചുചേര്‍ത്ത യോഗമാണ് അടുത്ത രംഗം. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന ദിവസം. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുപുറമേ കേന്ദ്ര ആരോഗ്യസഹമന്ത്രിയും ബിഹാറിലെ ബക്‌സറില്‍നിന്നുള്ള ലോക്സഭാംഗവുമായ അശ്വിനി കുമാര്‍ ചൗബെ, ബിഹാര്‍ സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍പാണ്ഡെ എന്നിവരും സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള യോഗം മുറുകിയപ്പോള്‍ മംഗള്‍ പാണ്ഡെ, ഉറക്കെ വിളിച്ചുചോദിക്കുന്നു: കിത്നേ വിക്കറ്റ് ഗയേ? (എത്ര വിക്കറ്റ് പോയി?)
മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അരങ്ങേറിയ ഈ രംഗം പൊടുന്നനെ സംസ്ഥാനമാകെ പരന്നു. സംസ്ഥാനത്തെ നടുക്കിയ ഒരു ദുരന്തം ചര്‍ച്ചചെയ്യുമ്പോഴും മന്ത്രിയുടെ താത്പര്യം ക്രിക്കറ്റ് സ്‌കോര്‍ അറിയാനാണെന്ന് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിച്ചു. കുട്ടികളുടെ ദുരന്തത്തെക്കാള്‍ ബിഹാര്‍ ആരോഗ്യമന്ത്രിക്ക് ആശങ്ക ക്രിക്കറ്റിനെക്കുറിച്ചായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
യോഗത്തിനുശേഷംനടന്ന പത്രസമ്മേളനവും വിവാദത്തിലാണ് അവസാനിച്ചത്. കുട്ടികളുടെ മരണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് വലിയ വിഷയങ്ങള്‍ക്കിടയില്‍ ഈ ചെറിയ വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്തിനെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ ചോദിച്ചതാണ് വിവാദമായത്. ചെറിയ വിഷയമോ, ബിഹാറിലെ ലോക്സഭാംഗം കൂടിയായ താങ്കള്‍ക്ക് കുട്ടികളുടെ മരണം എങ്ങനെ ചെറിയ വിഷയമാകുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ തിരിച്ചുചോദിച്ചതോടെ മന്ത്രിക്ക് ഉത്തരംമുട്ടി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. ദുരന്തത്തിനുമേല്‍ ഭരണകൂടങ്ങളുടെ അവഗണനയുടെ കീറക്കൊടിയായി ഈ രംഗങ്ങള്‍ ബിഹാറില്‍ ആവര്‍ത്തിച്ച് അരങ്ങേറുന്നു.
മരണവും ലിച്ചിപ്പഴവും തമ്മിലെന്ത്
ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയും വൈശാലി, മോത്തിഹാരി, ഈസ്റ്റ് ചമ്പാരന്‍, ഷിയോഹാര്‍, സീതാമഡി, സമസ്തിപുര്‍ തുടങ്ങിയ സമീപജില്ലകളും നേരിടുന്ന പ്രതിവര്‍ഷദുരന്തത്തിന്റെ നേര്‍ചിത്രം വരച്ചിടാനാണ് ഈ മൂന്നുരംഗങ്ങള്‍ എഴുതിയത്. 1990 മുതല്‍ വൈദ്യശാസ്ത്രം ശ്രദ്ധിച്ചുതുടങ്ങിയ ഒരു രോഗാവസ്ഥയുടെ പിടിയിലാണ് ഈ മേഖലകള്‍. അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം അ ഥവാ എ.ഇ.എസ്. എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്ന ഒരു രോഗസഞ്ചയമാണ് വില്ലന്‍. എ.ഇ.എസ്. ഒരു രോഗമല്ല, രോഗലക്ഷണമാണെന്ന് വൈദ്യശാസ്ത്രവിദഗ്ധര്‍ പറയുന്നു. പലവിധ സാംക്രമികരോഗങ്ങളുടെ ഒരു കൂട്ടുചേരലാണ് എ.ഇ.എസ്.
ബിഹാറിലെ അതിദരിദ്രമേഖലകളില്‍ ജീവിക്കുന്ന പത്തുവയസ്സില്‍ത്താഴെയുള്ള കുട്ടികളെയാണ് രോഗം പിടികൂടുന്നത്. പെട്ടെന്ന് വരുന്ന പനി, ഛര്‍ദി, വിറയല്‍, ശരീരം കോച്ചല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ വിദഗ്ധചികിത്സ കിട്ടിയില്ലെങ്കില്‍ ബോധക്ഷയമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഇരുനൂറിലേറെ വര്‍ഷങ്ങളുടെ ചരിത്രമുള്ള ലിച്ചി കൃഷിയുടെ നാടായ മുസഫര്‍പുരില്‍, ലിച്ചിത്തോട്ടങ്ങള്‍ക്കടുത്ത് താമസിക്കുന്ന ദളിത്, മഹാദളിത് വിഭാഗങ്ങളിലാണ് രോഗബാധ. അതിനാല്‍ പട്ടിണിക്കാരായ കുട്ടികള്‍ കഴിച്ച ലിച്ചിപ്പഴവും രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന വിശ്വാസവും ശക്തമാണ്. ഇതേക്കുറിച്ച് വിവിധ തലങ്ങളില്‍ പഠനങ്ങള്‍ നടന്നു; ഇപ്പോഴും നടക്കുന്നു.
മസ്തിഷ്‌കജ്വരംമൂലം ബിഹാറില്‍ ജൂണ്‍ ഒന്നുമുതല്‍ ഈ ലേഖനം എഴുതുന്ന സമയംവരെ 154 കുട്ടികള്‍ മരിച്ചുകഴിഞ്ഞു. ഇത് ഔദ്യോഗികകണക്കാണ്. എന്നാല്‍, മുസഫര്‍പുരിലെ ഗ്രാമീണരുടെ കണക്കില്‍ മരണം 300 കവിയും. അധികൃതരുടെ കണക്കില്‍പ്പെടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ സ്വകാര്യക്ലിനിക്കുകളിലോ മരിച്ച കുട്ടികളുടെ കണക്ക് ചേരുമ്പോള്‍ മരണസംഖ്യ ഇതിലും ഉയരും. മരണനിരക്ക് കുറഞ്ഞുതുടങ്ങിയെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മരണം പിന്‍വാങ്ങിയിട്ടില്ല.
ജൂണ്‍ ഒന്നുമുതല്‍ 626 എ.ഇ.എസ്. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ബിഹാര്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുസഫര്‍പുര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്-117. മുസഫര്‍പുര്‍ ജില്ലയിലെ സരായിയ, മിനാപ്പുര്‍, മുഷഹരി, കാന്തി എന്നീ ബ്ലോക്കുകളിലാണ് ഏറ്റവും രൂക്ഷമായ രോഗബാധ. മരണം പിടിമുറുക്കല്‍ തുടരുകയാണ്. നിസ്സഹായരായ മനുഷ്യരുടെ നിലവിളികളാണ് ബിഹാറിന്റെ ഗ്രാമങ്ങളിലെങ്ങും.
Comments