Sports
യോഗി രോഹിത്, യോഗി വിരാട്, യോഗി ധോനി; ട്രോളുകളില്‍ നിറഞ്ഞ് ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി

ലണ്ടന്‍: വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കിയതിനു പിന്നാലെ ഇന്ത്യയുടെ പുതിയ എവേ ജേഴ്‌സിയുടെ പേരില്‍ ട്രോളുകള്‍ നിറയുന്നു. അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ എവേ ജേഴ്സി നിര്‍മാതാക്കളായ നൈക്കി ഔദ്യോഗികമായി പുറത്തുവിട്ടത്.
ഓറഞ്ചും കടുംനീല നിറവും കലര്‍ന്നതാണ് ജേഴ്സി. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയുമാണ്. ജേഴ്‌സിയിലെ ഓറഞ്ച് നിറമാണ് ഇപ്പോള്‍ ട്രോളുകള്‍ ക്ഷണിച്ചുവരുത്തുന്നത്.
ഓറഞ്ച് ജേഴ്സി വഴി ഇന്ത്യന്‍ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ അബു അസ്മി, ജേഴ്സിയുടെ ഓറഞ്ച് നിറത്തിനു പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് ആരോപിക്കുകയും ചെയ്തു.
ഇക്കാര്യങ്ങള്‍ തന്നെയാണ് ട്രോളുകളിലും നിറയുന്നത്. ജേഴ്‌സിക്ക് പിറകില്‍ ‘ജയ് ശ്രീരാം’ എന്നെഴുതിയ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
ജേഴ്‌സിയിലെ മാറ്റത്തിനൊപ്പം താരങ്ങളുടെ പേരുകളും മാറുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഉദാഹരണത്തിന് യോഗി രോഹിത്, യോഗി വിരാട്, യോഗി ധോനി എന്നിങ്ങനെ.
ജൂണ്‍ 30-ന് ഇംഗ്ലണ്ടിനെതിരേ നടക്കുന്ന മത്സരത്തില്‍ ഈ ഓറഞ്ച് ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യ കളിക്കാനിറങ്ങുക. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി നിര്‍മാതാക്കളായ നൈക്കിയാണ് വെള്ളിയാഴ്ച പുതിയ ജേഴ്‌സി പുറത്തിറക്കിയത്.
അതേസമയം ഇന്ത്യയുടെ ട്വന്റി 20 ജേഴ്സിയില്‍ നേരത്തെ തന്നെ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ബി.സി.സി.ഐ പുതിയ ജേഴ്‌സിക്കും ഓറഞ്ച് നിറം തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ഐ.സി.സി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Comments