SPECIAL
‘സാപ്പിട്ടയാ പാപ്പാ..!? ഇപ്പോഴും ഇടയ്ക്ക് എവിടെനിന്നോ കേള്‍ക്കാറുണ്ട് ഞാന്‍ ആ ചോദ്യം
![](https://calicutpost.com/wp-content/uploads/2019/07/image.png)
ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു… ‘മറക്കാനാവാത്ത ആ രോഗി’
ഹൗ സ് സര്‍ജന്‍സി തുടങ്ങി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഓര്‍ത്തോ പോസ്റ്റിങ് വരുന്നത്. അതായത് ഏതാണ്ട് ഒരുവര്‍ഷവും മൂന്ന് മാസവും മുന്‍പത്തെ കാര്യമാണ് പറഞ്ഞുവരുന്നത്. കൂട്ടുകാര്‍ പറഞ്ഞു മടുപ്പിക്കുന്ന ഹെക്ടിക് ഡ്യൂട്ടി മനസ്സിലിട്ടുകൊണ്ടാണ് അന്ന് ആദ്യദിനം ഓര്‍ത്തോ വാര്‍ഡിലെത്തുന്നത്. വാര്‍ഡ് നിറയെ പേഷ്യന്റ്‌സ്. സ്ലാബ്, കാസ്റ്റ്, സ്പ്ലിന്റ് ഒക്കെ ഇട്ട് കുറേ പേര്‍. ട്രാക്ഷന്‍ ഇട്ടുകിടക്കുന്നത് അപ്പുറത്തെ ക്യുബിക്കില്‍. കുറച്ച് നടന്ന് ലാസ്റ്റ് ക്യുബിക്കില്‍ എത്തിയപ്പോഴാണ് ബോര്‍ഡ് നോക്കിയത്. സെപ്റ്റിക് ക്യൂബിക്ക്. അധികം പേരില്ല അധികം ആരും ആ വഴി പോകാറുമില്ല. ജനലിനടുത്ത് ബെഡില്‍ ഒരു വൃദ്ധനിരിപ്പുണ്ട്. അപ്പൂപ്പന്‍ ചിരിച്ച് കാല്‍ നീട്ടിവെച്ച് ഇരിക്കുകയാണ്. സിസ്റ്ററിന്റടുത്ത് നിന്ന് കേസ് ഷീറ്റ് വാങ്ങിനോക്കി അദ്ദേഹത്തിന് ടിബിയ ഫ്രാക്ചര്‍ ആയിരുന്നു. ഇപ്പോള്‍ മുറിവില്‍ ഇന്‍ഫെക്ഷന്‍ വന്നിരിക്കുന്നു. MRSA, Antibiotic. ഇന്‍ഫെക്ഷന്‍ മാറിയാല്‍ ilizirov procedure ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ദിവസവും ഡ്രെസ്സിങ് ഉണ്ട്.
അങ്ങനെ പോകെ എല്ലാദിവസവും ഞാന്‍ ഡ്രെസ്സിങിനു വേണ്ടി ചെല്ലാന്‍ തുടങ്ങി. അപ്പൂപ്പര്‍ കുറേ വിശേഷം ചോദിക്കും. അപ്പൂപ്പന്റെ തമിഴ് പൂര്‍ണമായും എനിക്കോ എന്റെ തമിഴാളം പൂര്‍ണമായി അപ്പൂപ്പനോ മനസ്സിലാവില്ല. എങ്കിലും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും. അച്ഛനെ കൂടാതെ ദിവസവും ഞാന്‍ ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന ഒരേ ഒരാള്‍ അപ്പൂപ്പനാണ്. സാപ്പിട്ടയാ പാപ്പാ.. ഇപ്പോഴും ഞാന്‍ ആ ചോദ്യം കേള്‍ക്കാറുണ്ട്.
അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് പോസ്റ്റിങ് തീരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സര്‍ജറിക്ക് ദിവസം തീരുമാനിച്ചു. അന്ന് എനിക്കായിരുന്നു ഓപ്പറേഷന്‍ തീയേറ്ററില്‍ പോകാനുള്ള അവസരം. ചായ കുടിച്ചിട്ടില്ല, രാത്രി വൈകി ഉറങ്ങിയതിനാല്‍ നല്ല ക്ഷീണം ഉണ്ടായിരുന്നു. രാവിലെ 7.15ന് ഞാന്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തി. 8ന് സര്‍ജറി തുടങ്ങുന്നതിന് മുന്‍പും ഞങ്ങള്‍ സംസാരിച്ചു. പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു ചിരിച്ചു.
3.30 ആയി O T കഴിഞ്ഞപ്പോ, ഇപ്പോഴും ഓര്‍ക്കുന്നു. ആ ഹൈപ്പോഗ്ലെസീമിക് അവസ്ഥയില്‍ പോസ്റ്റ് ഓപ്പറേറ്റീവ് അഡ്വൈസ് എഴുതിയത് ഞാനായിരുന്നു. സാര്‍ പറഞ്ഞു തന്നു, വാന്‍കോമൈസിന്‍ (Antibiotic) wound wash വാര്‍ഡില്‍ IV vancomycin കൊടുക്കണം. ഞാന്‍ എഴുതി.പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് 3.45ന് അപ്പൂപ്പനെ മാറ്റി. ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. അപ്പൂപ്പനെ ഒബ്സര്‍വ് ചെയ്യണം. അദ്ദേഹം അപ്പഴും ചിരിക്കുവാരുന്നു.
മോണിറ്ററില്‍ നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് Sp O2 (ഓക്സിജന്‍ സാച്ചുറേഷന്‍) ഒന്നും കാണിക്കുന്നില്ല. പള്‍സ്റേറ്റ്, ഇ.സി.ജി. വേവ്സ് കാണുന്നില്ല. ഞാന്‍ പെട്ടെന്ന് അപ്പൂപ്പന്റെ അടുത്തെത്തി. ഒരനക്കവുമില്ല. വിളിച്ചപ്പോഴും മിണ്ടുന്നില്ല. നിമിഷനേരം കൊണ്ട് ഞാന്‍ എല്ലാവരെയും വിളിച്ചു, സിസ്റ്റേര്‍സ്, കോ-ഹൗസ്ജന്‍സ്, ഡ്യൂട്ടി ഡോക്ടേര്‍സ്. അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റ്
അടുത്തായതിനാല്‍ പ്രൊഫസേര്‍സ് പിന്നെ മറ്റു ഡോക്ടേര്‍സും വന്നു. പെട്ടെന്നു തന്നെ സി.പി.ആര്‍. കൊടുത്തു. ആംബുബാഗ്, അഡ്രിനാലിന്‍, E.T..എല്ലാം റെഡി ആയിരുന്നു. നിമിഷ നേരത്തില്‍ ഒന്നു പുതച്ച് കൊണ്ട് അപ്പൂപ്പന്‍ കണ്ണുതുറന്നു. അതെ ഞാന്‍ എഴുതിയ ഓര്‍ഡറിലെ വാന്‍കോമൈസിന്‍ iv കൊടുത്തപ്പോഴുണ്ടായ അലര്‍ജി ആണ് (Adverse Effect) ‘Red man syndrome’ ഇത്തിരി നേരത്തിനുള്ളില്‍ അവിടെ എല്ലാവരും കൂടി അപ്പൂപ്പന്‍ ആ നിമിഷ നേരെത്തെ പ്രയത്‌നത്തില്‍ തിരികെ ജീവിതത്തിലേക്ക്.
സൂക്ഷ്മമായി, ശ്രദ്ധയോടെ അദ്ദേഹത്തെ നിരീക്ഷിച്ചതിനും പൊടുന്നനെ ‘Call for help’ എന്ന ഏറ്റവും അവിഭാജ്യ ഘടകം Emergency Situation ഇന്‍ ചെയ്തതിനും എല്ലാവരും അഭിനന്ദിച്ചു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. എന്റെ പ്രിയപ്പെട്ട അപ്പൂപ്പന്‍. അതിലുപരി അദ്ദേഹത്തിന്റെ ജീവനു തന്നെ അപകടകരമായേക്കാവുന്ന ആ അവസ്ഥയില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ ഞാനൊരു കാരണമായിരിക്കുന്നു..! പോസ്റ്റിംഗ് കഴിഞ്ഞും ഇടയ്ക്ക് ഞാന്‍ ഓര്‍ത്തോ വാര്‍ഡില്‍ അപ്പൂപ്പനെ കാണാന്‍ പോകുമായിരുന്നു. പിന്നെ അദ്ദേഹം ഡിസ്ചാര്‍ജായി പോയി. ഞാനറിഞ്ഞില്ല.
ചില മനുഷ്യരിങ്ങനൊണ്. എന്തെന്നില്ലാതെ ജീവിതത്തിന്റെ ചില സായന്തനങ്ങളില്‍ വിരുന്നുവരും, ഒരുപാട് സ്നേഹവും സന്തോഷവും തരും, പിന്നെ ഒന്നും പറയാതെ തിരിച്ചുപോകും.
NB: എന്റെ പോസ്റ്റ് ഓപ്പറേറ്റീവ് ഓര്‍ഡറില്‍ സിഗ്നേച്ചര്‍ ഇല്ലായിരുന്നു എന്ന സത്യം ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. പിന്നെ അതുപോലെ വാന്‍കോമൈസിന്‍ പോലുള്ള Higher Antibiotic ഉപയോഗിക്കുന്നതിലും- Post operative order House surgeon എഴുതുന്നതിലും, Document ചെയ്ത കാര്യത്തില്‍ സിഗ്നേച്ചര്‍ ചെയ്യുന്ന കാര്യത്തിലും പ്രത്യേക സര്‍ക്കുലറിലൂടെ അങ്ങിനെ തീരുമാനമായി.
Comments