LATEST

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 1000 വീടുകൾ നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിന്മാറി കോൺഗ്രസ്‌

പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി. ആയിരം വീടുകള്‍ നിര്‍മിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അഞ്ഞൂറുവീടെങ്കിലും പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സിയുടെ ശ്രമമെന്നാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.

 

കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകളെവിടെയെന്ന ഭരണപക്ഷ നേതാക്കളുടേയും മാധ്യമങ്ങളുടേയും നിരന്തര ചോദ്യങ്ങളാണ് പിന്മാറ്റം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. എത്ര വീടുകള്‍ പൂര്‍ത്തിയായെന്നോ, എത്ര പണി നടക്കുന്നുവെന്നോ, ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എത്രവേണമെന്നോ ഒരു കണക്കും കെ.പി.സി.സിയിലില്ല. എം.എല്‍.എമാര്‍ മുന്‍കൈയെടുത്തു പണിത കുറച്ചുവീടുകള്‍ക്കു പുറമെ, എ.ഐ.സി.സി നല്‍കിയ രണ്ടുകോടി രൂപ വിനിയോഗിച്ചുള്ള നിര്‍മാണവും കഴിഞ്ഞാല്‍ പദ്ധതി അവസാനിപ്പിക്കും. പ്രളയബാധിതരോടുള്ള മുന്‍ അധ്യക്ഷന്റെ ആത്മാര്‍ഥതയാണ് പ്രഖ്യാപനത്തിനു പിന്നിലെന്നു പറഞ്ഞാണ് മുല്ലപ്പള്ള കൈകഴുകിയത്.

 

പ്രളയദുരന്തത്തില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപ ചെലവില്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റായിരുന്ന എം.എം.ഹസന്റെ പ്രഖ്യാപനം. സംസ്ഥാനസര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു തീരുമാനം. ആദ്യത്തെ ആവേശം കെട്ടടങ്ങിയതോടെ വീടുപണികള്‍ പാതിവഴിയിലായി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടനല്‍കാതിരിക്കാനാണ് പിന്മാറ്റം പരസ്യമായി പ്രഖ്യാപിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button