വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും തുറക്കും
കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും തുറക്കും.ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ക്കായിരിക്കും അധ്യയനം ആരംഭിക്കുക. ആദ്യ ആഴ്ച ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകള്‍. മൂന്ന് ദിവസങ്ങളിലായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം കുട്ടികളെത്തുന്ന രീതി തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് എടുത്ത് തീര്‍ക്കണമെന്നാണ് നിര്‍ദേശം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അധ്യാപകരിലെ കോവിഡ് ബാധ മൂലം ക്ലാസുകള്‍ തടസപ്പെടുന്നുണ്ടെങ്കില്‍ ദിവസവേതന നിരക്കില്‍ താല്‍ക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
എന്നാല്‍ ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ന് ഉന്നതതലയോഗം ചേരും, ശേഷം ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ക്ലാസുകള്‍ സാധരണ രീതിയിലേക്ക് മാറ്റുക.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ അടച്ചിടാന്‍ തീരുമാനമായത്. 10, 11, 12 ക്ലാസുകള്‍ക്ക് പല സ്കൂളുകളിലും ക്ലാസുകള്‍ തുടര്‍ന്നെങ്കിലും പിന്നീട് അടയ്ക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. വാര്‍ഷിക പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകള്‍ തുറന്നത്.