കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂരമർദ്ദനമെന്ന് പൊലീസ്
കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂരമർദ്ദനമെന്ന് പൊലീസ്. ആത്മഹത്യക്കു ശ്രമിച്ച റഷ്യന്‍ യുവതിയുടെ രഹസ്യമൊഴി (ഇന്ന്) ശനിയാഴ്ച രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. പ്രതിയായ കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ (27) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന റഷ്യന്‍ യുവതി ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പറയുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് പരിക്കേറ്റ റഷ്യന്‍ യുവതിയായ 27-കാരിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ആഖിലിന്റെ വീട്ടില്‍നിന്ന് സമീപത്തെ കടയിലേക്ക് രക്ഷിക്കണമെന്ന് പറഞ്ഞ് യുവതി ഓടിയെത്തുകയായിരുന്നു. വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ടെറസില്‍നിന്ന് ചാടിയതായാണ് വിവരം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പാസ്‌പോര്‍ട്ട് ആഖില്‍ നശിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇതോടെ താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കാനാണ് കോണ്‍സുലേറ്റ് അധികൃതര്‍ ശ്രമിക്കുന്നത്. ഇവര്‍ റഷ്യയിലുള്ള യുവതിയുടെ രക്ഷിതാക്കളുമായി സംസാരിച്ചു. എന്നാല്‍ കേസ് പുരോഗമിക്കുന്നതിനിടെ ഇരയ്ക്ക് നാട്ടില്‍ പോകാനാവുമോ എന്നതില്‍ കോടതിയുടെ തീരുമാനം വരേണ്ടതുണ്ട്. കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. അതിനിടെ റഷ്യന്‍യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പേരാമ്പ്ര ഡിവൈ.എസ്.പി.യോട് എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചു.