കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂയപ്പള്ളി പൊലീസ് ഓട്ടോറിക്ഷ പരിശോധിച്ചുവരികയാണ്. പാരിപ്പള്ളി ഭാഗത്ത് പ്രതികൾ ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായിരുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കെ.എൽ. 02 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാൽ, കേസുമായി ബന്ധമില്ലെങ്കിൽ ഓട്ടോറിക്ഷ വിട്ടയക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.
നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നഴ്സിങ് റിക്രൂട്ട്മെന്റ് എജൻസി നടത്തിപ്പുകാരായ രണ്ട് പേരോട് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും അന്വേഷണം അവസാനഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന യുവതി നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ള രണ്ട് യുവതികളിൽ ഒരാളെക്കുറിച്ചാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവർ നഴ്സിങ് കെയർടേക്കറായി ജോലി ചെയ്യുകയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.