തൊടുപുഴയിൽ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകർക്ക് നടൻ ജയറാം അഞ്ചു ലക്ഷം രൂപ കൈമാറി
കോട്ടയം: തൊടുപുഴയിൽ തന്റെ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകർക്ക് ആശ്വാസമായി നടൻ ജയറാം. ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി വച്ച തുകയാണ് കുട്ടിക്കർഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് നൽകിയത്. വരുന്ന നാലിന് നടക്കാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടി മാറ്റി വച്ച അഞ്ചു ലക്ഷം രൂപയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്.
വർഷങ്ങൾക്ക് മുൻപ് താനും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 2005ലും 2012 ലും ക്ഷീര കര്‍ഷകനുള്ള പുരസ്കാരം ലഭിച്ചയാളാണ് ഞാന്‍. എന്റെ 24 പശുക്കളാണ് ഒരേ സമയം ചത്തത്. കാരണം എന്താണെന്ന് വ്യക്തമല്ല. ഞാനും എന്റെ ഭാര്യയും ഒരുപക്ഷേ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളത് ആ ദിവസമായിരിക്കുമെന്നും ജയറാം പറഞ്ഞു. കുട്ടികളെ കണ്ട് ആശ്വസിപ്പിക്കുക എന്നതാണ് തന്‍റെ ഉദ്ദേശം. വേണമെങ്കിൽ കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാനായി താനും കൂടെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ ഇന്ന് തൊടുപുഴയിലെത്തി കുടുംബത്തെ സന്ദർശിച്ചിരുന്നു. കർഷകർക്ക് മികച്ചയിനം അഞ്ച് പശുക്കളെ ഇൻഷുർ ചെയ്തു നൽകുമെന്നും ഒരു മാസത്തേക്കുള്ള കാലത്തീറ്റയും സൗജന്യമായി നൽകുമെന്നും ചിഞ്ചു റാണി അറിയിച്ചു.
മൂന്നുവർഷം മുമ്പാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് മാത്യു കന്നുകാലി വളർത്തൽ ഏറ്റെടുടുത്തത്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളണ് തൊടുപുഴയിലെ ഇവരുടെ ഫാമിനെ തേടിയെത്തിയത്. പശുക്കൾക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇൻഷൂറൻസ് എടുക്കാൻ കഴിയാതിരുന്നത് എന്നാണ് മാത്യു പറയുന്നത്.
കാലിത്തൊഴുത്ത് പണിത് നൽകാമെന്ന് മന്ത്രി ചിഞ്ചുറാണി വാഗ്ദാനം നൽകിയിരുന്നു. ധനസഹായം നൽകാമെന്ന് മിൽമ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മാത്യു ആറ് ലക്ഷം രൂപയോളം ചിലവാക്കി കാലിത്തൊഴുത്ത് നിർമിച്ചത്. എന്നാൽ, ഒന്നര ലക്ഷം രൂപ മാത്രമാണ് മിൽമ നൽകിയത്. ഈ തുക മാത്രമേ നൽകാൻ കഴിയൂ എന്ന് മിൽമ നിലപാടെടുത്തതോടെ കുടുംബം പ്രതിസന്ധിയിലാകുകയായിരുന്നു.
പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണ് ഭക്ഷ്യവിഷ ബാധ മൂലം ചത്തത്. പശുക്കൾ ചത്തത് കണ്ട് തളർന്നു വീണ 15 കാരനായ മാത്യു ബെന്നി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.