KERALA

ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ ക്രെെം ബ്രാഞ്ച് കണ്ടെത്തലുകൾ തള്ളി സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ ക്രെെം ബ്രാഞ്ച് കണ്ടെത്തലുകൾ തള്ളി സിബിഐ റിപ്പോർട്ട്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സി ജി എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്ളത്.

ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല. ജസ്‌ന മതപരിവര്‍ത്തനവും നടത്തിയിട്ടില്ല. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നുമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.

അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. കോവിഡ് കാലത്ത് ജസ്‌ന വാക്‌സിന്‍ എടുത്തതിനോ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതായോ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തി. എന്നാൽ, ജസ്‌ന മരിച്ചതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിതാവിനെയും സുഹൃത്തിനെയും ബി ഇ ഒ എസ് ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്‍കിയ മൊഴിയെല്ലാം സത്യമാണ്. ജസ്‌നക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ല.

ജെസ്‌നയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും അധികൃതര്‍ തേടിയിട്ടുണ്ട്. പിന്നാലെ, സി ബി ഐ. ഇന്റര്‍പോള്‍വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് നോട്ടീസ് നല്‍കിയത്. ഇന്റര്‍പോളില്‍ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button