1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലൈസ് ചെയ്തു

തിരുവനന്തപുരം: 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലൈസ് ചെയ്തു. കൂടാതെ, എസ് സി ഇ ആര്‍ ടിയിലെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം 3.30ന്എസ് സി ഇ ആര്‍ ടി ഗസ്റ്റ്ഹൗസില്‍ വച്ച് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

‘സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം എസ് സി ഇ ആര്‍ ടി ഗവേണിംഗ് ബോഡി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും നിലവിലെ ആര്‍ക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിലവില്‍ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകള്‍ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു.’ ഈ പ്രവര്‍ത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റലൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡിജിറ്റൈസ് ചെയ്യുന്നതിനെ കുറിച്ച് മന്ത്രിയുടെ പ്രതികരണം: “സ്‌കൂള്‍ പഠനകാലത്തെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങള്‍. മിക്കവരുടെയും പക്കല്‍ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങള്‍ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന് കൂടെ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍..”

Comments
error: Content is protected !!