അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിംഗ് ലക്ഷ്യമിട്ട് സർക്കാർ

 

തിരുവനന്തപുരം: അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിംഗ് ലക്ഷ്യമിട്ട് സർക്കാർ. ധനസമാഹരണത്തിനായി പരിപാടികൾ സംഘടിപ്പിച്ചും പുതിയ ലോട്ടറി ആവിഷ്കരിച്ചും പദ്ധതി നടപ്പാക്കാനാണ് സർക്കാർ നീക്കം. അപൂർവരോഗ പരിചരണത്തിനായി കെയർ എന്ന പേരിൽ സമഗ്ര പദ്ധതി സർക്കാർ തുടങ്ങുകയാണ്. നിലവിലെ ചികിത്സാ പദ്ധതികൾ കുടിശികയിൽ മുങ്ങി നിൽക്കുമ്പോൾ പുതിയ പദ്ധതികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആലോചനയിലാണ് ക്രൗഡ് ഫണ്ടിംഗ് എന്ന ചിന്തയിലേക്ക് എത്തുന്നത്.

സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി പോലുള്ള രോഗങ്ങൾക്കും ജീൻ തെറാപ്പിയടക്കമുള്ള ചികിത്സകൾക്കും വലിയ തുക വേണ്ടിവരും. നിലവിൽ ഒരാളുടെ ചികിത്സയ്ക്ക് 50 ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. പ്രായമുള്ളവരുടെ ചികിത്സയ്ക്ക് ഒന്നരക്കോടിക്ക് മുകളിലാകും ചെലവ്. ഇതിന് സർക്കാരിന്റെ തനത് ഫണ്ട് മാറ്റിവയ്ക്കുക പ്രായോഗികമല്ല. ഇവിടെയാണ് ക്രൗഡ് ഫണ്ടിംഗ് ഫലപ്രദമായി നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഒരുപാട് പേരുടെ സംഭാവനകൾ ചികിത്സാരംഗത്ത് വലിയതോതിലുള്ള മാറ്റം ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. അപൂർവ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും ഇനി രോഗം പിടിപെട്ടാൽ ചികിത്സകൾ ലഭ്യമായ സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ നൽകാനും തെറാപ്പികൾക്കും സൗകര്യമൊരുക്കാനും ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

Comments
error: Content is protected !!