സഹോദരനുമായുള്ള ലൈംഗികബന്ധത്തിൽ ഗർഭിണിയായ 12 കാരിയുടെ ഗർഭഛിദ്രത്തിന് കേരളഹൈക്കോടതി അനുമതി നിഷേധിച്ചു
കൊച്ചി: സഹോദരനുമായുള്ള ലൈംഗികബന്ധത്തിൽ ഗർഭിണിയായ 12 കാരിയുടെ ഗർഭഛിദ്രത്തിന് കേരളഹൈക്കോടതി അനുമതി നിഷേധിച്ചു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണവളർച്ച എത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഈ സമയത്തുള്ള അബോർഷൻ പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയ കോടതി ഇക്കാര്യം കണക്കിലെടുത്താണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്നും വിവരിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയിലെത്തിയത്.
ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാദിച്ചു. എന്നാൽ മെഡിക്കൽ വിദഗ്ദ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് ഹൈകോടതി നിർദേശിച്ചത്.
ഗർഭധാരണത്തിന് കാരണക്കാരനായ പെൺകുട്ടിയുടെ സഹോദരനെ കുട്ടിയിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കളോട് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ അധികാരികളെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.