CALICUTDISTRICT NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ ഷാജഹാന്റെ പക്കല്‍ എത്തിയത്. സ്‌കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയര്‍ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ആമാശയ രൂപത്തിന് സമാനമായ മുടിക്കെട്ട് ആഹാര അംശവുമായി ചേര്‍ന്ന് ട്യൂമറായി മാറിയിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രോഗിക്ക് വിളര്‍ച്ചയും ക്ഷീണവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുകാരണം ഉണ്ടാവുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതുവരെ ഈ രോഗത്തെക്കുറിച്ച് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ അറിയില്ലായിരുന്നു. കുട്ടിയുടെ തലയില്‍ പലയിടങ്ങളിലായി മുടി കൊഴിഞ്ഞതിന്റെ ലക്ഷണമുണ്ട്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്. സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ.വൈ ഷാജഹാന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ വൈശാഖ്, ജെറി, ജിതിന്‍ അഞ്ജലി അബ്ദുല്ലത്തീഫ്, ബ്രദര്‍ ജെറോം എന്നിവരും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button