KERALA

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ‘എയ്ഞ്ചല്‍ പട്രോള്‍’പദ്ധതിയുമായി മലപ്പുറം പൊലീസ്

മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ പിടികൂടാൻ മലപ്പുറം പൊലീസ്. ഇനി മുതൽ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും കുറ്റവാളികളെ പിടികൂടാനും ബസില്‍ യാത്ര ചെയ്യും. ‘എയ്ഞ്ചല്‍ പെട്രോള്‍’ എന്നറിയപ്പെടുന്ന ഈ പദ്ധതി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.

ബസുകളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മലപ്പുറം പൊലീസിന്റെ വേറിട്ട ശ്രമം. ബസുകളിലെ ശല്യക്കാരെ കയ്യോടെ പിടികൂടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ രാവിലെയും വൈകുന്നേരവും ബസുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യും. യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ത്രീകള്‍ പരാതിപ്പെടാന്‍ മടിച്ചാലും ബസില്‍ യാത്ര ചെയ്യുന്ന പൊലീസുകാര്‍ പ്രശ്‌നക്കാരെ പിടികൂടും. പരാതികള്‍ കേള്‍ക്കാന്‍ പൊലീസ് നേരിട്ട് എത്തുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി യാത്രക്കാരും പ്രതികരിച്ചു. ‘എയ്ഞ്ചല്‍ പെട്രോളി’ലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പൊലീസ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button