സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും
തൃശൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഈ മാസം 17ന് ഗുരുവായൂരിലാണ് വിവാഹം. ഇക്കാര്യം സംബന്ധിച്ച സുരക്ഷാക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവിടങ്ങളിൽ സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പരിശേധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് നല്‍കും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മോദി മൂന്ന് തവണ കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ഈ മാസം മൂന്നിന് മോദി കേരളത്തിലെത്തിയിരുന്നു.