ഒളിമ്പിക് അസോസിയേഷന്റെ സിഇഒ നിയമനത്തില്‍ പി ടി ഉഷ സമ്മര്‍ദം ചെലുത്തിയതായി ആരോപണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) സിഇഒ നിയമനത്തിനായി ഐ ഒ എ പ്രസിഡന്റ് പി ടി ഉഷ സമ്മര്‍ദം ചെലുത്തിയതായി ആരോപണം. എക്സിക്യൂട്ടീവ് കൗണ്‍സിലിലെ (ഇ സി) 12 അംഗങ്ങളാണ് ഉഷയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 15 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവായിരുന്ന രഘു അയ്യരെ സിഇഒയായി നിയമിച്ചുകൊണ്ട് ജനുവരി ആറിന് രാജ്യസഭാംഗം കൂടിയായ പി ടി ഉഷ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു.
‘സി ഇ ഒയുടെ ശമ്പളത്തിലും മറ്റും തീരുമാനമെടുക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഏഴ് മുതല്‍ 10 ദിവസം വരെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നിങ്ങള്‍ ഞങ്ങളുടെ നിര്‍ദേശത്തെ അവഗണിച്ചു. ഏകപക്ഷീയമായി ശമ്പളവും നിയമനവും പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിമാസം 20 ലക്ഷം രൂപയും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇത് പ്രതിവര്‍ഷം ഏകദേശം മൂന്ന് കോടി രൂപയ്ക്ക് അടുത്തുവരും,” കത്തില്‍ പറയുന്നു.
എന്നാല്‍ ഇ സി അംഗങ്ങളുടെ ആരോപണത്തെ ഉഷ പൂര്‍ണമായും തള്ളിയിട്ടുണ്ട്. നിയമനം അജണ്ടയില്‍ വെച്ചതാണെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇസി അംഗങ്ങളുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തിയതെന്നും ഉഷ അവകാശപ്പെട്ടു. സി ഇ ഒ പുതിയ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ ഇ സി അംഗങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്നും ഉഷ കുറ്റപ്പെടുത്തി.
‘സി ഇ ഒയുടെ നിയമനം കഴിഞ്ഞ ഇ സി മീറ്റിങ്ങിലെ അജണ്ടയില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകപക്ഷീയമായി വിഷയം അവതരിപ്പിച്ചുകൊണ്ട് തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കാന്‍ നിങ്ങള്‍ സമ്മര്‍ദം ചെലുത്തി. നിങ്ങള്‍ നടപടിക്രമങ്ങള്‍ നടത്തിയ രീതി സ്ഥാപനത്തിന് അനുയോജ്യമല്ലാത്ത ഒന്നാണെന്ന് ഞങ്ങള്‍ കണ്ടെത്തി. സി ഇ ഒയുടെ നിയമനം ഇ സി അംഗീകരിച്ചിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. നടപക്രമങ്ങള്‍ അനുസരിച്ച് നിയമനം നടത്താനുള്ള അവസരം ഇസിക്ക് ലഭിച്ചിട്ടില്ല,’ 12 ഇ സി അംഗങ്ങള്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.