എസ് എസ് എൽ സി പരീക്ഷാഫലത്തോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കണമെന്ന നിർദേശം പരിഗണിക്കാതെ കേരളസർക്കാർ
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലത്തോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കണമെന്ന നിർദേശം പരിഗണിക്കാതെ കേരള സർക്കാർ. എപ്ലസ് വാരിക്കോരി കൊടുക്കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർതന്നെ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് മാർക്ക് വിഷയം വീണ്ടും ചർച്ചയാവുന്നത്.
10 ശതമാനം മാർക്കിന്റെ പരിധിയിലുള്ള വിദ്യാർഥികളെ ഒന്നിച്ച് ഒരേ ഗ്രേഡിലാക്കുന്നതിലെ അനീതി അവസാനിപ്പിക്കണമെന്നാണ് ആവശ്യം. 585 മുതൽ 650 മാർക്കുവരെ ലഭിച്ച കുട്ടികളെല്ലാം എപ്ലസ് എന്ന ഒരേ ഗ്രേഡിലാണ്. കഴിഞ്ഞ അധ്യയനവർഷവും ഈ ആവശ്യം ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. ഫലം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുമ്പ് ഇത്തരമൊരാവശ്യം ഉന്നയിച്ചാൽ, ഫലം വൈകുമെന്നാണ് അന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. അത് കോടതി അംഗീകരിച്ചെങ്കിലും മാർക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം കഴിയുന്നത്ര വേഗത്തിൽ പരിഗണിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.
വർഷങ്ങളായി വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ നടപടിയൊന്നുമെടുത്തിട്ടില്ല. 90 മുതൽ 100 ശതമാനം മാർക്കുവരെ എപ്ലസ് ഗ്രേഡ്, 80 മുതൽ 89 ശതമാനംവരെ എ ഗ്രേഡ് എന്നിങ്ങനെ ഗ്രേഡുകൾമാത്രം രേഖപ്പെടുത്തുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തിലുള്ള അന്തരം മാർക്ക് ലിസ്റ്റിൽ പ്രതിഫലിക്കാതെ പോകുന്നുവെന്നതാണ് പ്രശ്നം. ഹയർ സെക്കൻഡറി പ്രവേശനസമയത്ത് ഇത് വലിയ അനീതിക്കിടയാക്കുന്നുവെന്ന് എല്ലാവർഷവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല.