![](https://calicutpost.com/wp-content/uploads/2024/01/pinarayi-vijayanfm-isaac.jpg)
തിരുവനന്തപുരം: തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും ഇ ഡിക്ക് മറുപടി നല്‍കി മുന്‍ ധനമന്ത്രി തോമസ് ഐസക്. തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏഴു പേജുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു തോമസ് ഐസക് ഇ ഡിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. ഹാജരാകാത്തതിനെ തുടര്‍ന്നാണ് മറുപടി നല്‍കിയത്. ”കിഫ്ബി മസാലബോണ്ടില്‍ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്ബി രൂപീകരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല.” തോമസ് ഐസക് പറഞ്ഞു.
”കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല” എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇതിലാണ് ഐസക് വ്യക്തത വരുത്തിയത്.