തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഫിന് നേട്ടം
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഫിന് നേട്ടം. സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇടത് മുന്നണി 10 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടിയും എസ്ഡിപിഐയും ഓരോ സീറ്റുകൾ നേടി. മത്സരം നടന്ന പത്തു സീറ്റുകൾ എൽഡിഎഫിന്റെയും 11 സീറ്റുകൾ യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സീറ്റുകളിൽ ഉൾപ്പെടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ ബിജെപിക്ക് നാലും എസ്ഡിപിഐക്ക് ഒരു സീറ്റും നഷ്ടപ്പെട്ടു. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് കടത്തൂർ കിഴക്ക് കോൺഗ്രസ് നിലനിർത്തി. പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് മയ്യത്തും കര എസ്ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് വായനശാല സിപിഎം നിലനിർത്തി.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയിൽ സിറ്റിങ് സീറ്റിൽ സിപിഎം ഒരു വോട്ടിന് ജയിച്ചു. റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാർഡ് ബിജെപിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡ് തിരുവൻ വണ്ടൂർ ബിജെപി നിലനിർത്തി.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാർഡ് എസ്ഡിപിഐ നിലനിർത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കൽ കൂട്ടിക്കൾ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡ് അരീക്കര എൽഡിഎഫ് നിലനിർത്തി. തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാർഡിൽ സിപിഎം സ്ഥാനാർഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡ് നെടിയ കാട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് കോരങ്കടവിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് ജയിച്ചു.
തൃശൂർ ജില്ലയിലെ മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാർഡിൽ യുഡിഎഫിന് ജയം. പാലക്കാട് ജില്ലയിലെ പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷൻ വാണിയംകുളം സിപിഎം നിലനിർത്തി. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാർഡിൽ ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് ഡിവിഷനിൽ യുഡിഎഫിന് ജയം.കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് കോൺഗ്രസ് നിലനിർത്തി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂർത്തി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറം ജില്ലയിലെ ഒഴൂർ ഗ്രാമ പഞ്ചായത്തിലെ ഒഴൂർ വാർഡിൽ എൽഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി ഇത്തവണ മൂന്നാമതായി.
കോഴിക്കോട് ജില്ലയിലെ വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയൽ വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മടവൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂർ വാർഡ് യുഡിഎഫ് നിലനിർത്തി. മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ വാർഡ് യുഡിഎഫ് നിലനിർത്തി.
വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. കണ്ണൂർ ജില്ലയിലെ പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാർഡ് ചൊക്ലി സിപിഎം നിലനിർത്തി. കാസർകോട് ജില്ലയിലെ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി.