വയനാട്ടിൽ കാട്ടാന ആക്രമണം; മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മാനന്തവാടി: മാനന്തവാടിയുടെ പരിസര പ്രദേശങ്ങളിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് മാനന്തവാടി നഗരസഭയിലെ  കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  

സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് റോഡ് ഉപരോധിച്ച് രംഗത്തെത്തി. കൊയ്‌ലേരി താന്നിക്കൽ മേഖലയിൽ ഇന്ന് പുലർച്ചെയോടെയാണ് കാട്ടാനയെ കണ്ടത്. തുടർന്ന് പരിസര പ്രദേശത്തുള്ള ഒരു വീടിന്റെ മതിൽ പൊളിച്ച് എത്തിയ കാട്ടാന അജിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച മോഴയാനയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാനന്തവാടി റേഞ്ച് ഓഫീസർ അടക്കമുള്ളവർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ് ആനയെ കാട് കയറ്റാനുള്ള നടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി.

എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ നൽകാനാകുന്ന റേഡിയോ കോളർ ആണ് മാനന്തവാടിയിൽ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്.വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‍വേഡും നൽകിയാൽ ട്രാക്കിംഗ് വിവരം ലഭിക്കും.അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളത്. ആന കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കണ്ടത്.രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ല, അത്തരത്തിലുള്ള ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേ  പറഞ്ഞു.

Comments
error: Content is protected !!