ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനം ചെയ്തു
ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി ഗാർഡൻ ശ്മശാനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഭൂഗർഭ ഗ്യാസ് ശ്മശാനം അഞ്ച് കോടി രൂപ ചെലവഴിച്ച് കാരക്കാട്ടുമീത്തൽ മലയിൽ നിർമ്മാണം പൂർത്തീകരിച്ചത്. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4.25 കോടിയും കെ.എം സച്ചിൻ ദേവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
സാമ്പ്രദായിക സങ്കൽപ്പങ്ങളെ തിരുത്തിയെഴുതുന്ന പ്രശാന്തി ഗാർഡൻ മോഡൽ ശ്‌മശാനം കേരളത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള മരണാനന്തര ചടങ്ങുകൾ ഓരോരുത്തരുടെയും അവകാശമാണ്. ഇത്തരത്തിൽ ആധുനിക രീതിയിലുള്ള ശ്മശാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈനംദിനം നമ്മൾ സൃഷ്ടിക്കുന്ന മാലിന്യവും ശാസ്ത്രീയമായി തന്നെ സംസ്കരിക്കണം. വൃത്തിയുള്ള തെരുവുകളും നഗരങ്ങളുമാണ് സർക്കാരിന്റെ ലക്ഷ്യം. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം. മാലിന്യമുക്ത കേരളത്തെ പടുത്തുയർത്താൻ സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി ഹരിതകർമ്മ സേനക്ക് നൽകണം. ഒരു വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.എം സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്മശാനത്തിന്റെ ഓഫീസ് ഉദ്ഘാടനം മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി നിർവഹിച്ചു.