ഇറാനെതിരെ ആക്രമണത്തിന് സൈന്യം സര്‍വ്വസജ്ജമായി നിന്നിരുന്നു; എന്തുകൊണ്ട് പിന്മാറിയെന്ന് വിശദീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ തിരിച്ചടിയ്ക്കാന്‍ യു.എസ് സൈന്യം തിരനിറച്ച് തയ്യാറായിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം നടക്കേണ്ടതിന്റെ പത്തുമിനിറ്റ് മുമ്പാണ് തനിക്ക് മനംമാറ്റമുണ്ടായതെന്നും ട്രംപ് പറഞ്ഞു.

 

150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ ആക്രമണം വേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ വിശദീകരണം. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിശദീകരണം.

 

‘ ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് ഞാന്‍ അത് വേണ്ടെന്നു പറഞ്ഞു. ആളില്ലാ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയതിന് തുല്യമാകില്ല അത്.’ എന്നാണ് ട്രംപ് പറഞ്ഞത്.

 

അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവെച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.

 

വിമാനങ്ങളും കപ്പലുകളും ഒരുക്കി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈല്‍ പോലും ഉതിര്‍ത്തിരുന്നില്ല.
ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്നും യു.എസ് പൂര്‍ണമായി പിന്‍വാങ്ങിയോ എന്നകാര്യം വ്യക്തമല്ല. ട്രംപിന് മനംമാറ്റമുണ്ടായതുകൊണ്ടാണോ അല്ലെങ്കില്‍ ഭരണവിഭാഗത്തിന്റെ ആശങ്കകാരണമാണോ ആക്രമണത്തില്‍ നിന്ന് പിന്നോട്ടുപോയതെന്ന് വ്യക്തമല്ല.
Comments

COMMENTS

error: Content is protected !!