1530.76 കോടിയുടെ ഡ്രോൺ വെടിവച്ചിട്ട ഇറാൻ അമേരിക്കയ്ക്ക് നൽകിയ സന്ദേശം ചെറുതല്ല!

വ്യോമ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ഡ്രോണുകളിലെ ഭീമനാണ് അമേരിക്കയുടെ ഗ്ലോബല്‍ ഹോക്ക് ( RQ-4A Global Hawk). ഇത്തരം ഒരെണ്ണം നിര്‍മിക്കാന്‍ ഏകദേശം 220 ദശലക്ഷം ഡോളര്‍ (ഏകദേശം 1530.76 കോടി രൂപ) ആയേക്കുമെന്നാണ് വിലയിരുത്തല്‍ (2011ല്‍ ഇതിന്റെ നിര്‍മാണച്ചിലവ് 130 ഡോളറായിരുന്നു). ഈ ഡ്രോണിന് 60,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുളളതാണ്. അതായത് സാധാരണ വിമാനങ്ങള്‍ പറക്കുന്നതിന്റെ ഏകദേശം ഇരട്ടി ഉയരം. അധികം സ്പീഡിലല്ല ഇതു പറക്കുന്നതെങ്കിലും ഇത്തരമൊരു ഡ്രോണ്‍ വെടിവച്ചിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ നീക്കത്തിലൂടെ തങ്ങള്‍ അത്ര മോശം എതിരാളികളായിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇറാന്‍ അമേരിക്കയ്ക്കു നല്‍കുന്നതെന്ന് ചിലര്‍ വാദിക്കുന്നു.

 

എന്തായാലും ഇത് അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള പിരിമുറുക്കം വര്‍ധിപ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഇറാന്‍ അവകാശപ്പെടുന്നത് തങ്ങള്‍ ആര്‍ക്കെതിരെയും യുദ്ധത്തിനിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്. പക്ഷേ, ഇങ്ങോട്ടു വന്നാല്‍ നോക്കിയിരിക്കില്ലെന്നും അവര്‍ വാദിക്കുന്നു. ഇറാന്റെ വ്യോമാതിര്‍ത്തിയിലല്ലാത്ത ഡ്രോണ്‍ വെടിവച്ചിട്ടത് ശരിയായില്ലെന്ന് കാനഡയും അഭിപ്രായപ്പെട്ടു. എന്നാല്‍, തങ്ങള്‍ ഒരു ചുവപ്പു രേഖ വരച്ചിട്ടുണ്ട്. അതു കടന്നു പറന്ന ഡ്രോണ്‍ സുരക്ഷാ ഭീഷണിയാണെന്നു തോന്നിയതിനാലാണ് തീര്‍ത്തു കളഞ്ഞതെന്നാണ് അവരുടെ വാദം. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത് ഇറാന്‍ കാണിച്ചത് ബുദ്ധിമോശമാണ് എന്നാണ്.

 

വേണ്ടെന്നു വച്ച പകരംവീട്ടല്‍ ആക്രമണം

 

ഡ്രോണ്‍ താഴെ വീഴ്ത്തിയ ശേഷം, അമേരിക്ക ഇറാനെതിരെ ഒരു വ്യോമാക്രമണം നടത്താനായി ഒരുമ്പെട്ടിറങ്ങിയതായിരുന്നു. എന്നാല്‍ അത് അവസാന നിമിഷം വേണ്ടന്നു വച്ചു. ഒരു സൈനിക താവളത്തിനെതരെ നടത്താനിരുന്ന ആക്രമണത്തില്‍ 150 പേര്‍ മരിച്ചേക്കുമെന്നു കണ്ടാണ് 10 മിനിറ്റ് മുൻപ് അതു വേണ്ടെന്നു വച്ചത്. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതിനു പകരം 150 ആളുകളെ കൊല്ലാന്‍ തനിക്കു താത്പര്യമില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഞങ്ങളത്ര തിടുക്കത്തിലല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എങ്ങനെയായിരിക്കും അമേരിക്കയുടെ മറുപടി എന്ന ചോദ്യത്തിന് ട്രംപ് പറഞ്ഞത്, നിങ്ങളതു കാണും എന്നായിരുന്നു.

 

ഡ്രോണിനെതിരെയുള്ള ആക്രമണം

 

ചെറിയ ഡ്രോണുകള്‍ വെടിവച്ചിടുക എന്നത് സാധാരണമാണെങ്കിലും ഇത്രയും വലുതും അത്യാധുനികവുമായ ഡ്രോണ്‍ വെടിവച്ചിട്ട സംഭവങ്ങള്‍ കേട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈമാനികനുള്ള ഒരു വിമാനം വെടിവച്ചിട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഇതിന് ഉണ്ടായേക്കില്ലെന്നും പറയുന്നു. എന്നാല്‍ ഇത്ര ഉയരത്തിൽ പറക്കുന്ന ഡ്രോണിനെ വെടിവച്ചിടാനുള്ള ശേഷി ഇറാനുെണ്ടന്നത് ഒരു പുതിയ വെളിപ്പെടുത്തലാണ്. ഡ്രോണ്‍ നിരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്നു എന്നു വച്ചാല്‍ കൂടി അത് ആക്രമണകാരിയായിരുന്നില്ല. ഇതിനാല്‍ അതു വെടിവച്ചിട്ടത് ശരിയായില്ലെന്ന വാദവും ഉയരുന്നുണ്ട്. ഇറാന്റെ വ്യോമാതിര്‍ത്തിയിലായിരുന്നോ, രാജ്യാന്തര വ്യോമാതിര്‍ത്തിയിലായിരുന്നോ ഡ്രോൺ എന്നും അന്വേഷിക്കേണ്ടതാണ്. നിലവിലുളള യുദ്ധ സമാനമായ സാഹചര്യത്തില്‍ ഇറാന്‍ കൂടുതല്‍ സംയമനം പാലിക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. എന്തായാലും ഡ്രോണ്‍ വെടിവച്ചിടലിലൂടെ ഇറാന്‍ സാഹചര്യം വഷളാക്കി എന്ന അഭിപ്രായമാണ് പൊതുവെ.

 

ഗ്ലോബല്‍ ഹോക്ക് എന്ന നിരീക്ഷണ ഭീമന്‍

 

2001 മുതല്‍ നിര്‍മിച്ചിറക്കുന്ന, പര്യവേക്ഷണത്തിനുപയോഗിക്കുന്ന ഭീമന്‍ ഡ്രോണിന്റെ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം ഏകദേശം 130 അടിയിലേറെയാണ്. 16 ടണ്‍ വരെ ഭാരം വഹിക്കാനും ഇതിനാകും. 12,000 നോട്ടിക്കല്‍ മൈലാണ് ഇതിന്റെ പരിധി. 60,000 അടി ഉയരത്തില്‍ വരെ പറക്കാമെന്നുമാത്രമല്ല, തുടര്‍ച്ചയായി 34 മണിക്കൂര്‍ വരെ സഞ്ചരിക്കാനും സാധിക്കും. ഇവയ്ക്ക് ആക്രമണങ്ങള്‍ നടത്താനുള്ള ഒരു കഴിവും ഇല്ല. ഇവയുടെ സര്‍വൈലന്‍സ് സെന്‍സറുകള്‍ ഉപയോഗിച്ച് അവയ്ക്ക് എതിരാളികളുടെ സന്നാഹങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ റിപ്പോര്‍ട്ടു ചെയ്യാനാകും എന്നതാണ് മികവ്.

 

ഗ്ലോബല്‍ ഹോക്കുകളുടെ സെന്‍സര്‍ നിരയിയില്‍ പൊതുവെ കാണുന്നത് ഇന്‍ഫ്രാറെഡ്, തെര്‍മ്മല്‍ ഇമേജിങ്, റാഡാര്‍, ഇലക്ട്രോ ഒപ്ടിക്കല്‍ ഇമേജിങ് തുടങ്ങിയവയാണ്. ഇവയുടെ ഭാരം വഹിക്കാനുള്ള കഴിവ് ഉപയോഗിച്ച അതിശക്തമായ ടെലി ഫോട്ടോ ലെന്‍സുകളും പിടിപ്പിക്കാനാകും. ഇവ ഉപയോഗിച്ച് മികച്ച ചിത്രങ്ങള്‍ പകർത്താനാകും. എന്നാല്‍ അമേരിക്കന്‍ സേനയുടെ പതിവ് എന്നു പറഞ്ഞാല്‍ ഏതെല്ലാം സെന്‍സറുകളും മറ്റുമാണ് ഗ്ലോബല്‍ ഹോക്കില്‍ ഇണക്കേണ്ടതെന്നത് ഒരോ തവണയും മാറ്റുന്നതാണ് എന്നാണ് ഉള്‍റൈക്ക് ഫ്രാങ്കെ എന്ന വിദഗ്ധന്‍ പറഞ്ഞത്. അതീവ രഹസ്യമായ ചാര സജ്ജീകരണങ്ങള്‍ വെടിവച്ചിട്ട ഡ്രോണില്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം.

 

2011ല്‍ ഇറാന്‍ അമേരിക്കയുടെ സെന്റിനല്‍ ഡ്രോണ്‍ (RQ-170 Sentinel drone) പിടിച്ചെടുത്തതും യുദ്ധക്കഥകള്‍ക്കിടയില്‍ പ്രശസ്തമാണ്. ഇറാന്‍ ഡ്രോണ്‍ പിടിച്ചെടുക്കുക മാത്രമല്ല അതില്‍ ഉപോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ പകര്‍ത്തിയെടുക്കുകയും ചെയ്തു. ശ്രദ്ധ ആകര്‍ഷിക്കാതെ ചാരപ്പണി ചെയ്യുന്നതിലാണ് സെന്റിനല്‍ ഡ്രോണുകളുടെ മികവ്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ വഴിമുടക്കിയ ഒരു ഇറാനിയന്‍ ഡ്രോണ്‍ സെന്റിനല്‍ ഡ്രോണുകളുടെ കോപ്പി ആയിരുന്നുവെന്ന് ഇസ്രയേല്‍ പറയുന്നു.

 

ഇപ്പോള്‍ വെടിവച്ചിട്ട ഗ്ലോബല്‍ ഹോക്ക് ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നോ എന്നത് അമേരിക്ക ഡ്രോണിന്റെ പറക്കലിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടുന്നതു വരെ ഉറപ്പിക്കാനാവില്ല എന്നാണ് ഒരു വാദം. എന്തായാലും അത്ര ഉയരത്തിൽ പറക്കുന്ന ഡ്രോണ്‍ ഇത്ര കൃത്യമായിവെടിവച്ചിടുക എന്നത് എളുപ്പമുള്ള കാര്യമേയല്ല എന്നാണ് ഫ്രാങ്കേ നിരീക്ഷിക്കുന്നത്. അമേരിക്ക ഗ്ലോബല്‍ ഹോക്കുകള്‍ വില്‍ക്കുന്നത് ഇവയെ വെടിവച്ചിടുന്ന പ്രശ്‌നമുണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞാണ്. എന്നാല്‍ അതു വെടിവച്ചിടല്‍ അസാധ്യമൊന്നുമല്ല, പക്ഷേ വളരെ ബുദ്ധിമുട്ടുള്ളകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍, ഡ്രോണ്‍ വെടിവച്ചിടാന്‍ ഉപയോഗിച്ച ഇന്റര്‍സെപ്ട് ടെക്‌നോളജി പോലും ഇറാന്റെ കൈവശമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ് എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഒരു റഡാർ ഗൈഡഡ്, സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റം ആയിരിക്കാം ഉപയോഗിച്ചിരിക്കുന്നത്. റഷ്യ, ഇറാനു സമ്മാനിച്ച സാം സിസ്റ്റം (SA-6 അല്ലെങ്കില്‍ SA-17 SAM) ആയിരിക്കാം പ്രയോഗിച്ചിരിക്കുക എന്നാണ് അനുമാനം. ബോധപൂര്‍വ്വം നടത്തിയ ആക്രമണത്തിലൂടെ മാത്രമെ ഒരു ഗ്ലോബല്‍ ഹോക്കിനെ തറപറ്റിക്കാനൊക്കൂവെന്നും പറയുന്നു.
Comments

COMMENTS

error: Content is protected !!