ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’ – ലോക എയ്ഡ്സ് ദിനം ആചരിച്ചു
ജില്ലയില്‍ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം മൊഫ്യൂസല്‍ ബസ്റ്റാന്‍ഡില്‍ ജില്ലാ ടി.ബി -എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ നിര്‍വ്വഹിച്ചു. ‘ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’ എന്നതാണ് ഇത്തവണത്തെ ആപ്ത വാക്യം. എയ്ഡ്സ് രോഗം നമ്മുടെ നാട്ടില്‍ വ്യാപിക്കുന്നുണ്ട് എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നതായി അദ്ദേഹം അറിയിച്ചു. രോഗബാധിതരോടുള്ള സമൂഹത്തിന്റെ നിലപാടുകള്‍ മാറ്റിയോടുക്കാനുണ്ട്. അവരെ ഒറ്റപ്പെടുത്താതെ സഹജീവികളായി കണ്ട് അതിജീവിക്കാന്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ രോഗം പടരുന്ന സാഹചര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും നമുക്ക് മാറി നില്‍ക്കാന്‍ കഴിയും. അതിലൂടെ രോഗബാധ ചെറുക്കാനും ഭൂമുഖത്തു നിന്ന് ഇല്ലാതാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം സെന്റ സേവിയേഴ്‌സ് കോളേജില്‍ 18 വയസ്സിനു താഴെയുള്ള നിര്‍ധനരായ 27 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. നാഷണല്‍ എയ്ഡ്‌സ് പേഷ്യന്റസ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ശാന്തി ഹോസ്പിറ്റല്‍ ഓമശേരി, ജില്ലാ എയ്ഡ് സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കെഎംസിടി മെഡിക്കല്‍ കോളേജിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എച്ച്‌ഐവി എയ്ഡ്‌സ് ബോധവല്‍ക്കരണ വെബിനാര്‍ ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ക്കുമായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
എയ്ഡ്സ് ദിന സന്ദേശം നല്‍കിയും ‘രോഗ പ്രതിരോധത്തിനും രോഗീസംരക്ഷണത്തിനും തയ്യാറാണ്’ എന്ന പ്രതിജ്ഞ ചൊല്ലിയുമാണ് ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചത്. എച്ച്.ഐ.വി. ബാധിതരായ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അഗതികളായവര്‍ക്ക് ‘സ്നേഹസ്പര്‍ശം’ പദ്ധതി വഴി സംരക്ഷണവും നല്‍കുന്നുണ്ട്.
എച്ച്‌ഐവി ബാധിതരായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെയും മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെയും വനിതാ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ മെഴുകുതിരി തെളിയിച്ചു. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ എയ്ഡ്‌സ് ദിനമാചരിച്ചത്. കലക്ടറേറ്റിലെ ജീവനക്കാര്‍ റെഡ് റിബ്ബണ്‍ ധരിച്ച് ദിനാചരണത്തില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി.മണി ദിനാചരണ സന്ദേശം നല്‍കി. എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് ജില്ലാ അസിസ്റ്റന്റ് എന്‍.ടി.പ്രിയേഷ്, വനിതാ സൊസൈറ്റി സുരക്ഷാപദ്ധതി മാനേജര്‍ കെ. അതുല്യ തുടങ്ങിയവര്‍ പങ്കെടുത്തു.