ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: പന്നിയങ്കര മാനാരി ഇസ്‌ലാഹി പള്ളി വരാന്തയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോട്ടപ്പറമ്പ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ്‌ ചെയ്യും. തുടർന്നുള്ള ചികിത്സ ആരോഗ്യസ്ഥിതി നോക്കിയിട്ട് ഡിസ്ചാർജ്‌ സമയത്ത് തീരുമാനിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന് പൊക്കിൾക്കൊടിയുടെ അടുത്ത് നേരിയ പഴുപ്പുണ്ട്. ഇതിനുള്ള ചികിത്സ തുടരുന്നുണ്ട്. ആരോഗ്യനിലയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.

 

ഡിസ്ചാർജിനുശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി പിന്നീട് സെയ്ന്റ് വിൻസൺ ഹോമിലേക്ക് കുഞ്ഞിനെ മാറ്റും. കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നിയങ്കരയിലെ പള്ളി വരാന്തയിൽനിന്ന്‌ നാലുദിവസംമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്.

 

അതേസമയം കുഞ്ഞിനെ ലഭിച്ച് നാലുദിവസമായിട്ടും മാതാവിനെ കണ്ടെത്താൻ പോലീസിനായിട്ടില്ല. കുഞ്ഞിന്റെ ശരീരത്തിൽ ആശുപത്രിയിലെ ടാഗ് ഉണ്ടായിരുന്നെങ്കിലും പ്രസവംനടന്ന ആശുപത്രി കണ്ടെത്താനായില്ല. “ആശുപത്രികൾ കേന്ദ്രീകരിച്ച് വിവരശേഖരണം പുരോഗമിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ സർക്കാർ, സർക്കാരിതര ആശുപത്രികളിൽനിന്നും വിവരം ശേഖരിച്ചു. കോഴിക്കോടിന്റെ മറ്റുഭാഗങ്ങളിൽനിന്നുള്ളതും മലപ്പുറത്തുനിന്നുള്ളതുമായ വിവരങ്ങൾ ശേഖരിക്കുകയാണ്‌” -കേസനേഷിക്കുന്ന പന്നിയങ്കര എസ്.ഐ. സദാനന്ദൻ പറഞ്ഞു.

 

സി.എ.ആർ.എ.യിൽ രജിസ്റ്റർ ചെയ്യാം; കുഞ്ഞിനെ ദത്തെടുക്കാം

 

കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ടനിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് ദത്തെടുക്കാൻ താത്‌പര്യമുണ്ടെന്നറിയിച്ച് ഒട്ടേറെ പേരാണ് പോലീസ് സ്റ്റേഷനിലേക്കും ചൈൽഡ് ലൈനിലേക്കും ഫോൺ വിളിച്ചത്. കുഞ്ഞിനെ നന്നായി നോക്കിക്കൊള്ളാമെന്നും വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലെന്നും പറഞ്ഞായിരുന്നു മിക്ക ഫോൺ വിളികളും. എന്നാൽ, കുട്ടികളെ ദത്തെടുക്കണമെങ്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ കഴിയേണ്ടതുണ്ട്.

 

ദത്തെടുക്കാൻ താത്‌പര്യമുള്ളവർ സെൻട്രൽ അഡാപ്റ്റേഷൻ റിപ്പോർട്ട് ഏജൻസി എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തണം. രാജ്യത്താകെ ഇതുവഴിയാണ് ദത്തെടുക്കൽ നടപടിക്രമങ്ങൾ നടക്കുന്നത്. തുടർന്ന് അപേക്ഷകരോട് എസ്.എ.ആർ.എ.(സ്റ്റേറ്റ് അഡാപ്റ്റേഷൻ റിപ്പോർട്ട് ഏജൻസി)യുമായി ബന്ധപ്പെടാൻ അറിയിപ്പുവരും. ഇവിടെയുള്ള സോഷ്യൽ വർക്കർ അപേക്ഷകരെക്കുറിച്ചു നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞുങ്ങളെ നൽകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അപേക്ഷകർക്ക് കുട്ടി ആണോ പെണ്ണോ എന്നതും സംസ്ഥാനവും തിരഞ്ഞെടുക്കാം. കുഞ്ഞിനെ നൽകി മൂന്നുമാസംവരെ ഇവരോടൊപ്പം താമസിച്ച് കുഞ്ഞുങ്ങൾ ഇവരുമായി ഇണങ്ങിയാൽ ബർത്ത് സർട്ടിഫിക്കറ്റ് അടക്കമുള്ള അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കും. കുഞ്ഞുങ്ങളെ ദത്തുനൽകാൻ താത്‌പര്യമറിയിച്ച് അമ്മമാർ നേരിട്ട് സമീപിച്ചാൽ അവർക്ക് അന്തിമതീരുമാനമെടുക്കാൻ മൂന്നുമാസംവരെ സമയം നൽകും. ഇതു കഴിഞ്ഞാൽ മാത്രമേ ദത്ത് നൽകൽ നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ.
Comments

COMMENTS

error: Content is protected !!