ഉരുൾപൊട്ടലിന്‌ കാരണം അശാസ്‌ത്രീയ സമീപനം

കോഴിക്കോട‌് : കഴിഞ്ഞ മാസമുണ്ടായ ഉരുൾപൊട്ടലിന‌് അതിതീവ്ര മഴയ‌്ക്ക‌ുപുറമെ  അശാസ‌്ത്രീയ കൃഷിരീതികളും നിർമാണ പ്രവർത്തനങ്ങളും കാരണമായെന്ന്‌ ജല വിഭവ വികസന വിനിയോഗ  കേന്ദ്രം (സിഡബ്ല്യൂആർഡിഎം) റിപ്പോർട്ട‌്.  മലപ്പുറം ജില്ലയിൽ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം   ദുരന്താഘാതം വർധിപ്പിച്ചു. കുന്നുകളിലെ സ്വാഭാവിക ഉറവ‌് ചാലുകൾ നികത്തിയതും അശാസ‌്ത്രീയ ഭൂവിനിയോഗവും  ഉരുൾപൊട്ടലിനെ മലയിടിച്ചിലാക്കി മാറ്റി. അതേസമയം വയനാട‌് പുത്തുമലയിൽ കടുത്ത വരൾച്ചയ്‌ക്കുശേഷമുണ്ടായ അതിതീവ്ര മഴയാണ്‌ വില്ലനായത്‌.  അഞ്ച്‌ അംഗങ്ങൾ വീതമുള്ള രണ്ട‌് സംഘമാണ്‌  ഇരുജില്ലകളിലും പഠനം നടത്തിയത്‌.
ആഗസ‌്ത‌് എട്ട‌് മുതൽ 14വരെ മലപ്പുറത്ത്‌ 500 ശതമാനത്തിലേറെ അധിക മഴയുണ്ടായി. കവളപ്പാറയിലെ മുത്തപ്പൻകുന്നിലെ ഉരുൾപൊട്ടലിൽ മേൽമണ്ണ‌് മൂന്ന‌് ശാഖകളായാണ‌് (ട്രാൻസ്ലേഷണൽ സ്ലൈഡ‌്) താഴോട്ട‌് പതിച്ചത‌്.
കുന്നിൻമുകളിലെ വിള്ളലുകളിൽ മഴവെള്ളം ഇറങ്ങിയുണ്ടായ അമിത മർദത്താൽ മേൽമണ്ണ‌് പാറയിൽനിന്ന‌് തെന്നിമാറുകയായിരുന്നു. ഈ കുന്നിൽ നിന്നുത്ഭവിക്കുന്ന ഉറവ‌ുചാൽ നികത്തി തടസ്സപ്പെടുത്തിയതും കുന്നിൻ ചരിവിലെ   അശാസ‌്ത്രീയ കൃഷിരീതികളുമാണ‌്  മലയിടിച്ചിലിന‌് കാരണമായത‌്.  റബ്ബർ കൃഷിക്കുവേണ്ടി അശാസ‌്ത്രീയ പ്ലാറ്റ‌് ഫോം നിർമിച്ചതും വിനയായി.
    നിരവധി ഉരുൾപൊട്ടലുണ്ടായ പോത്തുകൽ പഞ്ചായത്തിലെ  മുറിക്കാഞ്ഞിരം,  മലാക്കുണ്ട‌് എന്നിവിടങ്ങളിൽ അഞ്ച‌് കിലോ മീറ്ററിനുള്ളിൽ 27 ക്വാറികളുണ്ട്‌.  ഇവയിൽ നാലെണ്ണം ആഘാത പ്രദേശത്തിന‌് രണ്ട‌് കിലോ മീറ്റർ ചുറ്റളവിലാണ‌്.  കോട്ടക്കുന്നിലും കവളപ്പാറയ‌്ക്ക‌് സമാനമായ പ്രതിഭാസമാണുണ്ടായത‌്‌.   ഭൂമിയുടെ ചരിവിന‌് മാറ്റം വരുത്തി നിർമിച്ചതിനാലാണ‌് പാർക്കിന്റെ നടപ്പാതയ‌്ക്ക‌് സമീപം വിള്ളലുണ്ടായത‌്. നീർച്ചാലുകളുടെ അഭാവമാണ‌് ഇത്തരം പ്രതിഭാസങ്ങൾക്ക‌് പ്രധാന കാരണം.
 പുത്തുമലയിൽ അതിതീവ്രമഴയാണ്‌ ദുരന്തത്തിനിടയാക്കിയത്‌. ഈ ദിവസങ്ങളിൽ 1242 മി മീ മഴയാണ്‌ ഉണ്ടായത്‌. ഒരു വർഷം ഇവിടെ ലഭിക്കേണ്ടതിന്റെ 38 ശതമാനം വരെ മഴ ലഭിച്ചു.  ഒക്‌ടോബർ രണ്ടാംവാരം സിഡബ്ല്യൂആർഡിഎമ്മിൽ  ശാസ്‌ത്രസാങ്കേതിക കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ റിപ്പോർട്ട്‌ അവതരിപ്പിക്കും.
Comments

COMMENTS

error: Content is protected !!