എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിൽ. നടപടി ഹരിതയുടെ പരാതി പ്രകാരം

എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്.

കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമണ് തന്നെ വിളിപ്പിച്ചതെന്നാണ് അറിയിച്ചിരുന്നത്.

മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്  ചുമത്തിയിരിക്കുന്നത്. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ ജാമ്യത്തിനുളള നടപടികൾ തുടങ്ങി.

നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി വനിതാ കമ്മിഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെണ്‍കുട്ടികളെ  ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിക്കുകയും അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റ്.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകളില്‍നിന്ന് പോലീസിന് മൊഴി കൂടുതല്‍ ആളുകളില്‍നിന്ന് മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂണ്‍ 22-ന് നടന്ന യോഗത്തിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായതായി പരാതിയില്‍ പറയുന്നത്.

‘ഹരിത’യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം പൊലീസ് നോട്ടിസ് അയച്ചിരുന്നു. വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലത്തീഫ് തുറയൂരിന് നോട്ടിസ് അയച്ചത്. ഹരിത നേതാക്കളുടെ പരാതിക്ക് ഇടയാക്കിയ യോഗത്തിൻ്റെ മിനുട്സ് ഹാജരാക്കാനും നിർദ്ദേശിച്ചു.

 

Comments

COMMENTS

error: Content is protected !!