കര്‍ണന്റെ ജീവിതരേഖയുമായി ‘ഇവന്‍ രാധേയന്‍ ‘ അരങ്ങിലേക്ക്

കൊയിലാണ്ടി: മഹാഭാരതത്തിലെ കര്‍ണന്റെ ജീവിതം അടിസ്ഥാനമാക്കി സ്വാതി തിയറ്റേഴ്‌സ് ഒരുക്കുന്ന ‘ഇവന്‍ രാധേയന്‍ ‘ നാടകം ഇനി ആസ്വാദകരുടെ മുന്നിലേക്ക്. സര്‍വ സിദ്ധികളും അവസരങ്ങളുമുണ്ടായിട്ടും എന്നും ഇകഴ്ത്തപ്പെടലിന് വിധേയനാകേണ്ടി വന്ന കര്‍ണന്റെ ജീവിത സംഘര്‍ഷമാണ് നാടകത്തിന്റെ ഇതിവൃത്തം.

 

കുരുക്ഷേത്രയുദ്ധാനന്തര രാത്രിയില്‍ താന്‍ നിമിത്തമായ കര്‍ണപതനത്തെക്കുറിച്ച് പാഞ്ചാലി സ്വപ്നം കാണുന്ന രംഗത്തോടെയാണ് നാടകത്തിന്റെ തുടക്കം. അധികാരതര്‍ക്കങ്ങളും യുദ്ധവുംമാനവരാശിക്ക് വരുത്തി വെക്കുന്ന വിനാശങ്ങളും ദുരന്തവുമാണ് നാടകം അനാവരണം ചെയ്യുന്നത്. പുരാണ കഥയെ വര്‍ത്തമാനകാല സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് നാടകം മുന്നോട്ട് പോകുന്നത്. നാട്ടുകൂട്ടായ്മയില്‍ പ്രൊഫഷണല്‍ നാടക ട്രൂപ്പിന് രൂപം കൊടുത്ത സ്വാതി തിയറ്റേഴ്സിന്റെ അഞ്ചാമത് നാടകമാണിത്. റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്ത ഇവന്‍ രാധേയന്‍ നാടകത്തിന്റെ രചന എടത്തില്‍ രവിയാണ് നിര്‍വ്വഹിച്ചത്. പ്രശസ്തസംവിധായകന്‍ കരീംദാസ് സംവിധാനം ചെയ്ത നാടകത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് രമേശ് കാവിലാണ്.

സംഗീത സംവിധാനം കാവും വട്ടം ആനനും – ശശി കോട്ടും ഒരുക്കിയിരിക്കുന്നു. ആധുനിക സങ്കേതികങ്ങള്‍ ഉപയോഗിച്ച് പുരാണ കഥ പറയുന്ന നാടകമെന്ന പ്രത്യേകത കൂടി നാടകത്തിനുണ്ടെന്ന് നിര്‍മാതാവ് ഷാജീവ് നാരായണന്‍ പറഞ്ഞു. പ്രഥമ നാടകാവതരണം മരുതൂര്‍ ഗവ: എല്‍.പി.സ്‌കൂള്‍ ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ ലത അധ്യക്ഷത വഹിച്ചു.രമേശ് കാവില്‍ നാടകഗാനങ്ങളുടെ സി.ഡി.പ്രകാശനം ചെയ്തു.പ്രശസ്ത സംഗീതജ്ഞന്‍ പ്രൊഫ: കാവും വട്ടം വാസുദേവനെ ചടങ്ങില്‍ ആദരിച്ചു.രാജീവ് കോരമ്പത്ത്, സി.കെ.ബാലകൃഷ്ണന്‍, കരീംദാസ് ,ആര്‍.കെ.സുരേഷ് ബാബു, എ.എം.മനോജ് എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!