കാരവാൻ യാത്രയിലൂടെ കോഴിക്കോടിന്റെ മൊഞ്ചാസ്വദിച്ച് കലാപ്രതിഭകൾ

കാരവാൻ യാത്രയിലൂടെ കോഴിക്കോടിന്റെ മൊഞ്ച് കൺകുളിർക്കെ കണ്ട് കലാപ്രതിഭകൾ. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോടും സംയുക്തമായാണ് കാരവാൻ യാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.

കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി പ്രധാന വേദിയായ വിക്രം മൈതാനി വഴി മാനാഞ്ചിറയിൽ സമാപിച്ചു. യാത്രയിൽ കുട്ടികൾക്കൊപ്പം മേയറും ഡി.ടി.പി.സി ഓഫീസ് മാനേജർ മുഹമ്മദ് ഇർഷാദ് കെയും പങ്കാളികളായി.

ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രാനുഭവമാണ് കാരവാൻ സമ്മാനിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പല വാഹനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, എന്നാൽ ഒരേ സമയം വീടിന്റെയും യാത്രയുടെയും അനുഭവം ആസ്വദിക്കുന്നത് ആദ്യമായിട്ടാണെന്ന് കുട്ടികൾ പറഞ്ഞു.

ഫ്രണ്ട് ലൈൻ കാരവാനുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. കാരവാൻ ടൂറിസത്തെ കുറിച്ച് അസിസ്റ്റന്റ് ജനറൽ മാനേജർ പി വിപിൻ ദാസ് കുട്ടികൾക്ക് വിശദീകരിച്ചു.

Comments

COMMENTS

error: Content is protected !!