കില ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. വ്യത്യസ്ത തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് തൊഴിലാളികൾക്ക് തൊഴിൽ വൈദഗ്ധ്യം ലഭ്യമാക്കേണ്ടതുണ്ടെന്ന് എം എൽ എ പറഞ്ഞു. അതിനു സഹായകരമാകുന്ന രീതിയിൽ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡുമായി സഹകരിച്ച് പരിശീലനം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിൽ ഇന്ന് നിലവിലുള്ള അസംഘടിത തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് പരിഹരിക്കും. തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സഹായകരമാവുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തി വ്യത്യസ്ത മേഖലകളിൽ തൊഴിലെടുക്കുന്ന അതിഥിതൊഴിലാളികളെ കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ ഭാഗമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
മലബാർ മേഖലയിൽ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, മലബാറിലെ തൊഴിൽ മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്തുക, കിലെ പ്രസിദ്ധീകരണങ്ങൾ കൂടുതൽ തൊഴിലാളികളിലേക്ക് എത്തിക്കുക, തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി നടത്തിവരുന്ന സിവിൽ സർവീസ് കോച്ചിംഗ്, മറ്റു കോഴ്സുകൾ എന്നിവ മലബാർ മേഖലയിലും വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാ ഓഫീസ് ആരംഭിച്ചത്.
കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് അധ്യക്ഷനായിരുന്നു. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ, കെ മല്ലിക, പി കെ അനിൽകുമാർ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ പി കെ മുകുന്ദൻ, കെ രാജീവ്, പി കെ നാസർ, സെൽവരാജ്, കെ എം കോയ, കെ കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് സ്വാഗതവും സീനിയർ ഫെലോ ജെ എൻ കിരൺ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!