കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്തായ സബ് രജിസ്ട്രാർ പി കെ ബീനയ്ക്കെതിരെ വേറെയും അഴിമതിക്കേസുകള്‍

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്തായ കോഴിക്കോട്ടെ സബ് രജിസ്ട്രാറെ പി കെ ബീനയ്ക്കെതിരെ വേറെയും അഴിമതിക്കേസുകള്‍. സർക്കാരിന്റെ ഭൂമി മറിച്ചുവിറ്റ കേസിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ബീന പ്രതിയാണ്. കേസിൽ ജാമ്യം ലഭിക്കാൻ സർക്കാർ അഭിഭാഷകർ കൂട്ടുനിന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

കോഴിക്കോട് ചേവായൂരിൽ സബ് രജിസ്ട്രാറായിരിക്കെ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിലെ വിധി പരിഗണിച്ചാണ് സർക്കാർ പി കെ ബീനയെ സർവീസിൽ നിന്ന് പുറത്താക്കിയത്. റിട്ടയേർഡ് വില്ലേജ് ഓഫീസർ ഭാസ്കരൻ നായരായിരുന്നു പരാതിക്കാരൻ. ഹൈക്കോടതി കേസിൽ ജാമ്യം നൽകിയതിനാൽ നടപടി ഒഴിവാക്കണമെന്ന് പി കെ .ബീന സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് പുറത്താക്കുകയായിരുന്നു. രാഷ്‍ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചിട്ടും കേസിന് പിന്നാലെ പോകാനുള്ള ഭാസ്കരൻ നായരുടെ തീരുമാനമാണ് കൈക്കൂലിക്കേസിൽ നിർണായകമായത്.

2008 ൽ സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റ മറ്റൊരു കേസിൽ ബീന നാലാം പ്രതിയാണെങ്കിലും രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതിക്കാരനായ മുൻ പ്രവാസി പറയുന്നു. കൈക്കൂലി കേസിൽ വിജിലൻസ് പ്രത്യേക കോടതി ഇവർക്ക് 7 വർഷം കഠിന തടവും 505000 രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്. പരാതിക്കാരൻ നിരന്തരം കോടതികയറിയിങ്ങിയത് കൊണ്ട് മാത്രമാണ് തെളിവുസഹിതം പിടിയിലായിട്ടും പ്രതിക്ക് ഒരു കേസിലെങ്കിലും ശിക്ഷ ലഭിച്ചത്.

Comments

COMMENTS

error: Content is protected !!