കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ
കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ. കരാറുകാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അസിസ്റ്റന്റ് എൻജിനീയറായ സുനിൽകുമാറിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. നിർമാണ പ്രവൃത്തിക്കായി കെട്ടി വെച്ച തുക തിരികെ ലഭിക്കാനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് പറഞ്ഞു. വാട്ടർ അതോറിറ്റി ഡിസ്ട്രിബ്യൂഷൻ അസിസ്റ്റന്റ് എൻജിനീയറായ സുനിൽ കുമാർ കോഴിക്കോട് സരോവരത്തെ ഓഫീസിൽ വെച്ചാണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് ആസ്ഥാനമായുള്ള ആർ കെ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ എം ആർ രാജീവിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ട വിവരം രാജീവ് വിജിലൻസ് ഡിവൈഎസ് പിയെ അറിയിച്ചിരുന്നു. വിജിലൻസ് സംഘം ഏൽപ്പിച്ച പണം രാജീവ് ഉദ്യോഗസ്ഥന് കൈമാറി. പിന്നാലെയെത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി.
വാട്ടർ അതോറിറ്റിയുടെ മൂന്ന് നിർമാണ പ്രവർത്തികൾ ആർ കെ ഗ്രൂപ്പ് കരാറെടുത്തിരുന്നു. പണി പൂർത്തിയാക്കിയ ശേഷം സുരക്ഷാ നിക്ഷേപ തുകയായ ഏഴു ലക്ഷം രൂപ തിരികെകിട്ടാനായി പരാതിക്കാരൻ പലവട്ടം കോഴിക്കോട്ടെ വാട്ടർ അതോറിറ്റി ഓഫീസിലെത്തി. ഈ പണം കൈമാറാൻ ശുപാർശ നൽകേണ്ട സുനിൽകുമാർ പരാതിക്കാരനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് രാജീവ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.