കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ നിരീക്ഷിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കാനും രോഗലക്ഷണമുള്ളവരെ എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്.

 

ജനുവരി 22നാണ് ചൈന തലസ്ഥാനമായ ബെയ്ജിങില്‍നിന്ന് വിദ്യാര്‍ഥിനി കൊല്‍ക്കത്തയിലേക്കെത്തിയത്. തൊട്ടടുത്ത ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയില്‍നിന്ന് കൊച്ചിയിലേക്കുമെത്തി. ഈ രണ്ട് വിമാന യാത്രയിലും പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ച എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കും. സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാനും നിര്‍ദ്ദേശമുണ്ട്‌.

 

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച രാവിലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

 

ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി  ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. അതേസമയം ചൈനയില്‍ രോഗബാധമൂലം മരണപ്പെട്ടവരുടെ എണ്ണം ഉയരുകയാണ്, 213 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ലോക ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!