കോഴിക്കോട് ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം.

കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടത്തുന്ന തീരദേശ ഹര്‍ത്താലിനിടെ വന്‍ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയിൽ മലിനജല പ്ലാന്‍റ് നിർമ്മിക്കുന്നതിരെയാണ് മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതിയുടെ ഹർത്താല്‍. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ പല തവണ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ലാത്തിച്ചാര്‍ജിലേക്ക് കടന്നത്.
പ്രതിഷേധക്കാര്‍ ചിതറി ഓടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്കെത്തുകയുമായിരുന്നു. ബാരിക്കേഡ് പുഴയില്‍ തള്ളുകയും ചെയ്തു. ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസ് നടപടിക്കെതിരെ വലിയ ജനരോഷമാണ് പിന്നീട് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരണം വരെ പ്രതിഷേധിക്കുമെന്നും പദ്ധതി നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. പദ്ധതി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പദ്ധതി പ്രദേശം മാലിന്യമയം ആകുമെന്നും പറഞ്ഞാണ് നാട്ടുകാര്‍ പദ്ധതിയെ പാടെ എതിര്‍ക്കുന്നത്. അതേ സമയം പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അറിയിച്ചു. 

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പൊലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്‍റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്‍റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.

Comments

COMMENTS

error: Content is protected !!