ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം

വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം. പൂവത്തുംചോലയിൽ നിന്നു താന്നിയാംകുന്ന് മലയിലൂടെയാണു വയലടയിലേക്കു ഗൂഗിൾ മാപ് എളുപ്പ മാർഗം കാണിച്ചത്. താന്നിയാംകുന്ന് വരെ റോഡ് കോൺക്രീറ്റ് ചെയ്തതാണ്. തുടർന്ന് ഓഫ്റോഡ് വഴിയിലൂടെയാണ് ടൂറിസ്റ്റുകളുടെ ജീപ്പ് സഞ്ചരിച്ചത്. പാത മോശമായതിനാൽ ടയർ തെന്നി ജീപ്പ് കാെക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന് കേടു സംഭവിച്ചെങ്കിലും സഞ്ചാരികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പൂവത്തുംചോല – താന്നിയാംകുന്ന് – വയലട റോഡ് നിലവിലുണ്ടെങ്കിലും താന്നിയാംകുന്ന് മുതൽ വയലട വരെ പാതയിൽ‌ യാത്ര ദുഷ്കരമാണ്.

സഞ്ചാരയോഗ്യമല്ലാത്ത റോഡിനെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാൽ സഞ്ചാരികൾക്ക് ഉപകാരപ്രദമാകും. താന്നിയാംകുന്ന് മുതൽ വയലട വരെ റോഡ് പൂർണമായും നവീകരിക്കാൻ ഫണ്ട് അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ കാെക്കയിൽ നിന്നു ജീപ്പ് കയറ്റി. സുനീർ പുനത്തിൽ, ബേബി വട്ടപ്പറമ്പിൽ, വൈശാഖ് തോണിപ്പാറ, റെജി പരീക്കൽ, ശശി ആലക്കൽ, ചന്ദ്രബോസ് ആലമല, ഷിജോ പുളിക്കൽ, ബാബു കുന്നുംപുറം, അപ്പു പുളിക്കത്തോട്ടം എന്നിവർ നേതൃത്വം നൽകി.

Comments
error: Content is protected !!