MAIN HEADLINES

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും കേന്ദ്രമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താനാണിത്. ഇതിനായി എല്ലാ കോവിഡ്-19 കേസുകളുടെയും സാമ്പിളുകൾ INSACOG ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് (IGSLs) സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ദിവസേന അയക്കണം. 2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞിട്ടുണ്ട്. ഒന്നര മാസത്തിനിടെ ആഗോള പ്രതിദിന ശരാശരി വർദ്ധിക്കുന്നതായി റിപ്പോർട്ടുണ്ട്. 2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ, ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button