തുരങ്കപാത: അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം

കോഴിക്കോട്‌: കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു. മറിപ്പുഴ – ചൂരല്‍മല (അലൈന്‍മെന്റ് -1), മറിപ്പുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈന്‍മെന്റ് -2), മുത്തപ്പന്‍പുഴ-മീനാക്ഷി ബ്രിഡ്ജ് (അലൈന്‍മെന്റ് -3), മറിപ്പുഴ-കള്ളാടി (അലൈന്‍മെന്റ് -4) എന്നിങ്ങനെ നാല് അലൈന്‍മെന്റുകള്‍ ശുപാര്‍ശ ചെയ്തതില്‍ മറിപ്പുഴയില്‍ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്ന രണ്ടാമത്തെ അലൈന്‍മെന്റിനാണ് അംഗീകാരം ലഭിച്ചത്.

ഇത് പ്രകാരം തുരങ്കത്തിനു തന്നെ എട്ട് കിലോ മീറ്റര്‍ ദൂരമുണ്ടാവും. മറിപ്പുഴയില്‍ നിര്‍മ്മിക്കുന്ന പ്രധാന പാലം അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുരങ്കം ആരംഭിക്കുന്നതും. ഇരുവശത്തുമായി 560 മീറ്റര്‍ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്. അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിനാല്‍ വേഗത്തില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനാവും.  ഇതോടൊപ്പംതന്നെ മറിപ്പുഴയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള  പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ആരംഭിക്കാനുമാവുമെന്നും എംഎല്‍എ അറിയിച്ചു.

Comments

COMMENTS

error: Content is protected !!