തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്.രോഗികളുടെ എണ്ണം 60 ആയി
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
തൃശൂരിലെ സെന്റ് മേരിസ് കോളജിലെ 57 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിലും പരിസരത്തും സന്ദർശനം നടത്തുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിരുന്നു.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.