പുതുപ്പാടിയിലെ ഭൂമിപ്രശ്നം: പരിഹാരംതേടി സർവകക്ഷിയോഗം

താമരശ്ശേരി: പുതുപ്പാടി വില്ലേജിലെ പതിന്നാലോളം സർവേനമ്പറുകളിൽപ്പെട്ട ഭൂമിയുടെ ക്രയവിക്രയാവകാശം തടഞ്ഞതിന് പരിഹാരംതേടി സർവകക്ഷിയോഗം ചേർന്നു. ജോർജ് എം.തോമസ് എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.
കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവുപ്രകാരമാണ് ഭൂമിയുടെ ക്രയവിക്രയം റവന്യൂവകുപ്പ് തടഞ്ഞത്. ഈ ഭൂമിയുടെ മുൻ ജന്മിയുടെ പിൻമുറക്കാരാണ് ഭൂമിയിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തത്. ഇവർ ഏകപക്ഷീയമായി വിധി സമ്പാദിക്കുകയായിരുന്നെന്ന് യോഗം വിലയിരുത്തി.
ഇതേത്തുടർന്ന് പ്രദേശവാസികൾക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനെപ്പറ്റി യോഗം ചർച്ചചെയ്തു. പ്രശ്നപരിഹാരത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂസംരക്ഷണസമിതിയും വാസാവകാശ സംരക്ഷണസമിതിയും രൂപവത്‌കരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. പ്രശ്നപരിഹാരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എം.എൽ.എ. യോഗം വിളിച്ചുചേർത്തത്.
വിധിയെ മറികടക്കാൻ സർക്കാരിന്റെ സഹായത്തോടെ നിയമപോരാട്ടം നടത്താനും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കോടതിവിധിക്ക് കാരണമായവർക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കർമസമിതി ഭാരവാഹികളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രാകേഷ്(ചെയ.), ബിജു താന്നിക്കാക്കുഴി(ജന.കൺ.), എം.ഇ.ജലീൽ(ട്രഷ.), ടി.എ.മൊയ്തീൻ, ഷാഫി വളഞ്ഞപാറ, വിജയൻ പുതുശ്ശേരി(കൺ.), ടി.പി.അനന്തനാരായണൻ, ജോർജ് മങ്ങാട്ടിൽ, അമ്പുടു ഗഫൂർ(വൈ.ചെയ.) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഗിരീഷ് ജോൺ, വി.കെ.ഉസ്സയിൻകുട്ടി, കെ.സി.വേലായുധൻ, അന്നമ്മ മാത്യു, ടി.എം.പൗലോസ്, ഉസ്മാൻ ചാത്തൻചിറ, ടി.കെ.നാസർ, സന്തോഷ് മാളിയേക്കൽ, കെ.ഇ.വർഗീസ്, കാദർ ഹാജി, ശിഹാബ് അടിവാരം, ബി.മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!