SPECIAL
പെട്രോള്‍ ആക്രമണങ്ങള്‍ക്കെതിരേ വനിതാ കമ്മിഷന്‍ ബോധവത്കരണം നടത്തും
അമ്പലപ്പുഴ: പ്രണയാഭ്യര്‍ഥന നിരസിക്കുന്ന യുവതികള്‍ക്കെതിരേ പെട്രോള്‍ ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനമെമ്പാടും വിപുലമായ ബോധവത്കരണപരിപാടികള്‍ നടത്താന്‍ സംസ്ഥാന വനിതാ കമ്മിഷന്‍. സ്ത്രീകളെ കൂടാതെ നിശ്ചിതശതമാനം പുരുഷന്മാരെക്കൂടി ബോധവത്കരണപരിപാടികളില്‍ പങ്കെടുപ്പിക്കും. സൈബര്‍ ആക്രമണം, കുട്ടികള്‍ക്കെതിരായ ആക്രമണം എന്നിവക്കെതിരേയും ബോധവത്കരണം നടത്തും.
കഴിഞ്ഞ ഒന്നരമാസത്തിനിടെയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ യുവതികള്‍ക്കെതിരേയുണ്ടായ പെട്രോള്‍ ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ.ഷിജി ശിവജി എന്നിവര്‍ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മിഷന്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല മെഗാ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ പക്ഷംചേര്‍ന്ന് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ബന്ധുക്കളും പൊതുസമൂഹവും ചെയ്യുന്നത്. അച്ഛനമ്മമാരുടെ ബലാബലത്തില്‍ കുട്ടികള്‍ നിസ്സഹായരാകുന്നു.
പലസംഭവങ്ങളിലും നീതി ഉറപ്പാക്കാന്‍ പോലീസിനും കഴിയുന്നില്ലെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. ആകെ 96 പരാതികളാണ് കമ്മിഷന്റെ പരിഗണനയ്ക്കെത്തിയത്. ഇതില്‍ 85 എണ്ണം പുതിയ പരാതികളാണ്. 11 എണ്ണം തീര്‍പ്പാക്കി. ആറ്് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന് അയച്ചു. അവശേഷിക്കുന്ന 79 പരാതികള്‍ അടുത്ത അദാലത്തിലേക്ക് വച്ചു. ഈമാസം 26ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടക്കും.
Comments