പോളിടെക്നിക്ക് വിദ്യാർത്ഥിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് ഏക്ഷൻ കമ്മറ്റി.

പേരാമ്പ്ര : കണ്ണൂര്‍ ഗവ: പോളിടെക്‌നിക് വിദ്യാർത്ഥിയായിരുന്ന അശ്വന്ത് ഹോസ്റ്റലിൽ ദുരൂഹമായ സഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോവൻ ഐ.പി.എസിന് നിവേദനം നല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണും വാര്‍ഡ് അംഗവുമായ ടിപി ഉഷ, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണ വിവരം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും അതിനു ശേഷം ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാവാമെന്നും കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികൾ അറിയിച്ചു.
നരയംകുളം തച്ചറോത്ത് ശശിയുടെ മകന്‍ അശ്വന്ത് (20) കണ്ണൂര്‍ തോട്ടട ഗവ: പോളിടെക്‌നിക്കില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ 2021 ഡിസംബര്‍ ഒന്നിന് രാവിലെയാണ് പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാഹചര്യവും നിലവിലില്ലെന്നിരിക്കെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ബന്ധുക്കൾ ഹോസ്റ്റലില്‍ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് തൂങ്ങിയതായി പറയുന്നത്. ഫാനില്‍ നിന്ന് അഴിച്ചു കിടത്തിയവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. മരിക്കുന്ന ദിവസം പുലര്‍ച്ചെ 1.56 വരെ അശ്വന്ത് വാട്‌സ് ആപ്പില്‍ ഉണ്ടായിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ഫോണ്‍ വിവരങ്ങള്‍ ഇതു വരെ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കുന്ന ദിവസം രാത്രി ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് തലക്ക് മുറിവേറ്റിരുന്നു.ഇതിന്റെകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കോളജ് ഹോസ്റ്റലില്‍ പുറത്തു നിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ നില്‍ക്കാന്‍ കഴിയാത്തത്ര മോശമായ സാഹചര്യമുള്ളതു കൊണ്ട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ടി.സി വാങ്ങി പോയ സംഭവം ഉണ്ടായിട്ടുണ്ട്. അന്വേഷണ പരിധിയില്‍ ഇതെല്ലാം ഉള്‍പ്പെടുത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Neena Anil, [02-02-2022 15:53]
[ Photo ]
Photo from Neenaanilkumar

Comments

COMMENTS

error: Content is protected !!