KERALA

 ബേപ്പൂരിൽ നിന്ന്‌ പോയ മീൻപിടിത്ത ബോട്ടിൽ 
കപ്പലിടിച്ച് 4 തൊഴിലാളികൾക്ക് പരിക്ക്

ഫറോക്ക് :കൊച്ചിക്ക് സമീപം പുറംകടലിൽ  ബേപ്പൂരിൽനിന്ന്‌ മീൻപിടിത്തത്തിന് പോയ  ബോട്ടിൽ  കപ്പലിടിച്ച് നാല്‌ മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്‌.  സ്രാങ്ക് കന്യാകുമാരി കൽക്കുളം സ്വദേശികളായ സമസ്താനപുരം സിൽവൈ ദാസൻ, ഫ്രണ്ട്സ് കോളനിയിൽ ജോസഫ് എഡ്വിൻ ജോസഫ്, ബംഗാൾ  സ്വദേശികളായ കുതിരം ദാസ്, ലിതംദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക്‌ സാരമുള്ളതല്ല. സ്രാങ്ക് ഉൾപ്പെടെ രണ്ട്‌ കന്യാകുമാരി സ്വദേശികളും 11 പശ്ചിമ ബംഗാൾ  സൗത്ത് 24 പർഗാന ജില്ലക്കാരുമായ തൊഴിലാളികളുമാണ്‌ ബോട്ടിലുണ്ടായിരുന്നത്.
ബേപ്പൂർ സ്വദേശി കരയങ്ങാട് അലി അക്ബറിന്റെ  “അൽ നയീം’ എന്ന ബോട്ടിൽ മലേഷ്യൻ എണ്ണ ടാങ്കറായ “ഗ്ലോബൽ പീക്ക്’ പനാമ കപ്പലാണ് ഇടിച്ചതെന്നാണ് വിവരം. നിർത്താതെപോയ കപ്പൽ വിഴിഞ്ഞം തീരത്തിനടുത്ത്  നങ്കൂരമിടാൻ അധികൃതർ നിർദേശംനൽകി. കൊച്ചിക്ക് സമീപം പുറംകടലിൽ ഏകദേശം 22 നോട്ടിക്കൽ മൈൽ അകലെ വ്യാഴം പുലർച്ചെ 5.50നാണ് സംഭവം.
ബോട്ടിന്റെ പാർശ്വഭാഗത്ത് ഇടിച്ചയുടൻ തെന്നിമാറിയതിനാലാണ്‌ വൻ ദുരന്തം ഒഴിവായത്‌. 
70 കോടി വിലവരുന്ന 25.7 മീറ്റർ നീളവും 7.3 മീറ്റർ താഴ്ചയുള്ള ഉരുക്ക് ബോഡിയിൽ നിർമ്മിച്ച കൂറ്റൻ ബോട്ടിന്റെ   ഒരു ഭാഗം 20 മീറ്ററോളം നീളത്തിൽ തകർന്നു.  ഉൾഭാഗത്തെ 25 ലക്ഷത്തോളം വിലവരുന്ന ശീതീകരണ സംവിധാനവും തകർന്നിട്ടുണ്ട്. മൊത്തം 50 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ്   നിഗമനം.
 ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന്‌ കഴിഞ്ഞ 17ന്  വൈകിട്ടാണ്‌  കടലിൽ പോയത്‌. ബോട്ട് വൈകിട്ടോടെ ബേപ്പൂർ ഹാർബറിലെത്തിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button