ഗ്രീൻ പ്രോട്ടോകോൾ: ഹരിത ഓഡിറ്റ്  ടീമിന് പരിശീലനം നൽകി

കോഴിക്കോട്‌: ഹരിത ഓഡിറ്റ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സർക്കാർ ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷൻ ഗ്രേഡും നൽകുന്നതിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
എല്ലാ ഓഫീസുകളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ശ്രദ്ധ നൽകേണ്ടതുണ്ടെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കലക്ടർ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. ഓഫീസ് മേധാവികൾ ശുചിത്വം, മാലിന്യ സംസ്കരണം എന്നീ കാര്യങ്ങളിൽ താല്പര്യം എടുക്കണമെന്നും ഓരോ ഓഫീസിനും ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറെ നിയോഗിച്ച് ശാസ്ത്രീയമായ സംവിധാനമൊരുക്കി പാഴ് വസ്തുക്കൾ തരംതിരിച്ച് കൈമാറുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം കലക്ടർ ഓർമ്മപ്പെടുത്തി. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജില്ലയിലെ 12 ബ്ലോക്കുകളിലും ബ്ലോക്കിൽ ഉൾപ്പെട്ട  ഗ്രാമപഞ്ചായത്തുകളിലെ ഓഫീസുകൾ പരിശോധന നടത്തുന്ന  ടീമുകൾക്കാണ് പരിശീലനം നൽകിയത്. പഞ്ചായത്തിന്റെ പരിധിയിൽ ഏറ്റവും ചുരുങ്ങിയത് പത്ത് ഓഫീസുകൾ എങ്കിലും ഇത്തരത്തിൽ പരിശോധിച്ച് ഹരിത സാക്ഷ്യപത്രം നൽകുന്നതിന് ലക്ഷ്യമിടുന്നു.  ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്ഥാപനങ്ങൾ ബ്ലോക്കിന്റെ നേതൃത്വത്തിലും നഗരസഭ പരിധിയിൽ ചുരുങ്ങിയത് 20 ഓഫീസുകളിലും കോർപറേഷനുകളിൽ 100 ഓഫീസുകളും പരിശോധിക്കും. ഇതിനായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 100 മാർക്കിൽ 90 മാർക്കിനു മുകളിൽ ലഭിക്കുന്നവർക്ക് എ ഗ്രേഡും, 80 നും 89നും ഇടയിൽ മാർക്ക് ലഭിക്കുന്നവർക്ക് ബി ഗ്രേഡും 70 നും 79 നും ഇടയിൽ മാർക്ക് ലഭിക്കുന്നവർക്ക് സി ഗ്രേഡും നൽകും.
പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമിതമായ എല്ലാവിധ ഡിസ്പോസിബിൾ വസ്തുക്കളുടെ നിരോധനം  ഓഫീസിൽ നടപ്പിലാക്കും. കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവന്നു അവിടെ  ഉണ്ടാക്കുന്ന മാലിന്യം  കുറയ്ക്കുക, ഓഫീസിൽ സ്ഥിരമായി ഉപയോഗിക്കാനായി പാത്രങ്ങൾ സജ്ജമാക്കുക, ജൈവ അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച് സംസ്കരണ സംവിധാനം ഏർപ്പെടുത്തുക, ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുക, ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, വൃത്തിയായി പരിപാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ ഏർപ്പെടുത്തുക, ഓഫീസുകളിൽ ഹരിത നിർദ്ദേശ ബോർഡുകൾ സ്ഥാപിക്കുക, പൊതു ശുചിത്വം പാലിച്ചുകൊണ്ട് ജൈവ പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ ക്രമീകരിച്ചു ഓരോ ഓഫീസുകളും വൃത്തിയും വെടിപ്പുമുള്ള ആകർഷണവും ഉള്ള ആക്കിമാറ്റുന്ന എന്നതാണു ഹരിത പ്രോട്ടോകോൾ പാലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ ജില്ലാ, താലൂക്ക് ഓഫീസുകളിലും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഓഫീസുകളും ജില്ലാതലത്തിൽ രൂപീകൃതമാകുന്നത് ടീമുകൾ പരിശോധിക്കും. അതാത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉള്ള ഓഫീസുകളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന ടീമുകൾ പരിശോധിക്കും.
ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, നഗരകാര്യ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥരും, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഹരിത സഹായം സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഈ ടീമുകളിൽ അംഗമാകും. ജനുവരി 26 ന് മുമ്പായി പരിശോധന പൂർത്തീകരിച്ച് ഹരിത ഓഫീസ് സാക്ഷ്യപത്രം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ഹരിത കേരളം മിഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഓൺലൈനായാണ് പരിശീലനം നടത്തിയത്.
ഹരിത കേരളം ജില്ലാ കോർഡിനേറ്റർ പി പ്രകാശ്, ജില്ലാ ശുചിത്വമിഷൻ അസി കോ-ഓർഡിനേറ്റർ ടി.നാസർ ബാബു എന്നിവർ നയിച്ചു. ശുചിത്വമിഷൻ ജില്ലാ- കോർഡിനേറ്റർ പി എം സൂര്യ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!