ഭിന്നശേഷി കുട്ടികളെ പാർപ്പിക്കുന്ന സർക്കാർകേന്ദ്രത്തിൽ ആറുവയസ്സുകാരൻ മരിച്ച നിലയിൽ

കോഴിക്കോട്: വെള്ളിമാടുകുന്നിൽ ഭിന്നശേഷി കുട്ടികൾ താമസിക്കുന്ന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലെ കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടിയിലെ എടവക കുറുപ്പംവീട്ടിൽ മാങ്ങലാടി നിത്യയുടെയും ജിഷോയുടെയും മകൻ അജിൻ(6) ആണ് മരിച്ചത്.

 

രാത്രി ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ വി.കെ. മനോജാണ് കുട്ടിയെ മൂക്കിൽനിന്ന് ചോരയൊഴുകുന്ന നിലയിൽ അബോധാവസ്ഥയിൽ ശനിയാഴ്ച രാവിലെ ആറിന് മുറിയിൽ കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ മനോജും സമീനയെന്ന ജീവനക്കാരിയും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്നാണ് ചേവായൂർ പോലീസിന് ജീവനക്കാർ മൊഴിനൽകിയത്.

 

രാത്രി പന്ത്രണ്ടുവരെ കുട്ടിക്ക് ബാഹ്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഓട്ടിസം ബാധിച്ച കുട്ടിയാണെന്നുമാണ് ബന്ധപ്പെട്ടവർ പോലീസിനോട് പറഞ്ഞത്. അജിന്റെ മാനസികവെല്ലുവിളി നേരിടുന്ന അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചുപോയി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടി. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. അജിനൊപ്പം 13-ഉം 14-ഉം വയസ്സുള്ള മറ്റ് നാലുകുട്ടികൾകൂടിയുണ്ടായിരുന്നുവെന്ന് കേന്ദ്രത്തിലെ അധികൃതർ പറഞ്ഞു. ഇവിടെ 38 കുട്ടികളാണുള്ളത്. ആറ്് സെല്ലുകളിലായിട്ടാണ് ഇവരെ പാർപ്പിക്കുന്നതെന്നും ചൈൽഡ്ഹോം അധികൃതർ പറഞ്ഞു.

 

കുട്ടികൾതമ്മിൽ അടിയുണ്ടായതായി ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ പറഞ്ഞെന്ന് ജീവനക്കാരൻ പോലീസിനോട് വ്യക്തമാക്കി.

 

കഴിഞ്ഞവർഷം മാർച്ച് മൂന്നിനാണ് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന അജിനെ ഇവിടെ എത്തിച്ചത്. കൈതപ്പൊയിൽ കോട്ടമുറിക്കൽ വീട്ടിൽ എന്നാണ് ചിൽഡ്രൺ ഹോമിൽ നൽകിയ കുട്ടിയുടെ മേൽവിലാസം. ആർ.ഡി.ഒ. ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സംഭവം സംബന്ധിച്ച് അന്വേഷണംനടക്കുന്നുണ്ടെന്ന് ആർ.ഡി.ഒ വ്യക്തമാക്കി. കളക്ടർ എസ്. സാംബശിവറാവു ചിൽഡ്രൺഹോം അധികൃതരോട് റിപ്പോർട്ട്തേടിയിട്ടുണ്ട്.

 

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം ഞായറാഴ്ചയേ നടക്കൂവെന്നും ഈ റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ചേവായൂർ എസ്.ഐ. ടി.എം. നിധീഷ് പറഞ്ഞു.
Comments
error: Content is protected !!