മന്ത്രിമാരുടെ ലിസ്റ്റായി. ആദ്യമായി മൂന്നു വനിതകൾ

മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം സിപിഐ എം പക്ഷത്തു നിന്നുള്ള മന്ത്രിമാരുടെ ലിസ്റ്റായി. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്‌ദു‌ള്‍ റഹ്മാന്‍ എന്നിവരാണ് പാർട്ടിയുടെ ലിസ്റ്റിലുള്ളത്.

സിപിഐ എമ്മില്‍ നിന്ന് പ്രൊഫ. ആര്‍ ബിന്ദു, വീണാ ജോര്‍ജ് എന്നിവരും സിപിഐ പ്രതിനിധിയായ ജെ ചിഞ്ചു റാണിയുമാണ് മന്ത്രിസഭയിലെ വനിതകള്‍. മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍സിപി മന്ത്രി എ കെ  ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു.കെ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും പിന്നീട് സ്പീക്കറുമായി. കോഴിക്കോട് സൗത്തിൽ അട്ടിമറി വിജയം നേടിയ ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിൽ എൻ.സി.പിയുടെ എ.കെ. ശശീന്ദ്രൻ എന്നിവരാണ് കോഴിക്കോട് ജില്ലയിൽ നിന്നും മുഹമ്മദ് റിയാസിന് പുറമെ മന്ത്രി സ്ഥാനത്ത് എത്തുന്നത്. താനൂരിൽ സി.പി.എം സ്വതന്ത്രനായി രണ്ടാംതവണയും മത്സരിച്ച് ജയിച്ച വി. അബ്ദുൽറഹ്മാനാണ് മലപ്പുറത്ത് നിന്നുള്ള ഏക പ്രതിനിധി. കെ. രാജൻ ഒല്ലൂർ, കേരള കോൺഗ്രസ് എം ലെ റോഷി അഗസ്റ്റിൻ, പി. പ്രസാദ് സി.പി.ഐ ചേർത്തല, ജി.ആർ അനിൽ നെടുമങ്ങാട്, ആൻ്റണി രാജു തിരുവനന്തപുരം എന്നിവരാണ് മറ്റുള്ളവർ.

കാസർക്കോട് വയനാട് ജില്ലകളിൽ നിന്നും മന്ത്രിമാരില്ല.

സ്‌പീ‌ക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി ടി പി രാമകൃഷ്ണനായിരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു.

മന്ത്രിസഭയില്‍ മൂന്നു വനിതകളെ ഉള്‍പ്പെടുത്തുന്നത് കേരള നിസയമസഭാ ചരിത്രത്തിൽ ആദ്യമായാണ്. ഇത്രയും പുതുമുഖങ്ങള്‍  ഉള്‍പ്പെട്ട മന്ത്രിസഭയും ആദ്യമായാണ്. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിസഭകളില്‍ അംഗമായിട്ടുള്ളത്.

 

Comments

COMMENTS

error: Content is protected !!