യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ‌്‌ത്തിയ സംഭവം ; 5 പേർ അറസ‌്റ്റിൽ

പള്ളുരുത്തി > കുമ്പളം മന്ദനാട്ടുവീട്ടിൽ അർജുനെ (20) കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേർ അറസ‌്റ്റിൽ. കുമ്പളം മാളിയേക്കൽ നിബിൻ (20), നെട്ടൂർ എസ്എൻ ജങ‌്ഷൻ കുന്നലക്കാട്ട് റോണി (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്തു (21), കുമ്പളം തട്ടാശേരി അജിത് (22) എന്നിവരെയാണ‌് പനങ്ങാട‌് പൊലീസ‌് അറസ്റ്റ‌് ചെയ‌്തത‌്. ബുധനാഴ‌്ച വൈകിട്ട് നെട്ടൂർ നോർത്ത് റെയിൽപ്പാളത്തിനു പടിഞ്ഞാറ് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നിലയിലാണ‌് മൃതദേഹം കണ്ടെത്തിയത്.

 

വ്യാഴാഴ‌്ച രാവിലെ മൃതദേഹം പുറത്തെടുക്കുമ്പോൾ അഴുകിയ നിലയിലായിരുന്നു. ഫോറൻസിക് വിദഗ‌്ധരും പൊലീസുമെത്തി പുറത്തെടുത്തശേഷം എറണാകുളം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. പ്രതികളിലൊരാളായ നിബിന്റെ സഹോദരൻ എബിൻ ഒരുവർഷംമുമ്പ് പുലർച്ചെ കളമശേരിയിലുണ്ടായ ബൈക്ക‌് അപകടത്തിൽ  മരിച്ചു. എബിനും അർജുനും ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. എബിൻ മരിക്കുകയും അർജുൻ രക്ഷപ്പെടുകയും ചെയ്തതിൽ നിബിന‌്‌ തന്നോട‌് വൈരാഗ്യമുണ്ടെന്നും കൊല്ലുമെന്ന‌് ഭീഷണിപ്പെടുത്തിയിരുന്നെന്നും അർജുൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന‌് വീട്ടുകാർ  പറഞ്ഞു.

 

ജൂലൈ രണ്ടിന് രാത്രി പത്തോടെ നിബിന്റെ നിർദേശപ്രകാരം റപ്പായി എന്ന് വിളിപ്പേരുള്ള ഇവരുടെ സുഹൃത്ത് വീട്ടിലെത്തി അർജുനെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നിബിനും റോണിയും ചേർന്ന് പട്ടികയും കല്ലുംകൊണ്ട് തലയ‌്ക്കടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പിച്ചശേഷം നാലുപേരും ചേർന്ന് മൃതദേഹം ചതുപ്പിൽ ചവിട്ടിത്താഴ്ത്തി. മൃതദേഹം പൊങ്ങാതിരിക്കാൻ മുകളിൽ കല്ലുകൾ വച്ചശേഷം മടങ്ങുകയായിരുന്നു.

 

അർജുൻ തിരികെ വരാത്തതിനാൽ അച്ഛൻ വിദ്യൻ മൂന്നിന് രാവിലെ പനങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയിൽ നിബിന്റെയും റോണിയുടെയും പേരുകൾ പരാമർശിച്ചിരുന്നു. തുടർന്ന് പൊലീസ‌്  റപ്പായിയെയും നിബിനെയും വിളിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത‌്. വ്യാഴാഴ്ച രാത്രി മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു.
Comments

COMMENTS

error: Content is protected !!