മാലിന്യം ഒഴുകി ഹോട്ടൽ അടപ്പിച്ചു


കൊയിലാണ്ടി: മലിന ജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് തിരുവങ്ങൂരിനടുത്ത എം.ആര്‍.ആര്‍ ഹോട്ടല്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് അധികൃതരെ കൊണ്ട് പൂട്ടിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച പൂട്ടിയ ഹോട്ടല്‍ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും ആരോഗ്യ വിഭാഗവും പഞ്ചായത്തും ചര്‍ച്ച നടത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് വീണ്ടും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് പരിശോധ നടത്തിയപ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് മലിനജലം പുറത്തേക്ക് അടിക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ ചേമഞ്ചേരി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍ പഞ്ചായത്തംഗങ്ങളായ പി.കെ രാമകൃഷ്ണന്‍,ടി.കെ.ഗീത,ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് സേതുമാധവന്‍,എകൗണ്ടന്റ് റിജു മോഹനന്‍ എന്നിവര്‍ സ്ഥലത്തെത്തി ഹോട്ടല്‍ അടപ്പിച്ചു. നേരത്തെ മലിനജലം പുറത്തേക്ക് വിടുന്നത് സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷന്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നതായി വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍ പറഞ്ഞു. മലിന ജലം സംഭരിക്കാന്‍ ചെറിയ ടാങ്കുകളാണ് ഹോട്ടല്‍ പരിസരത്ത് ഉണ്ടാക്കിയതെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!